ബ്ലൂവെയില്‍ ഗെയിം ഇന്ത്യയിലും ജീവനെടുത്തു; മുംബൈ അന്ധേരിയില്‍ ആത്മഹത്യ ചെയ്തത് 14കാരന്‍

ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഗെയിമായ ബ്ലൂവെയില്‍ ഗെയിം ഇന്ത്യയിലും ജീവനെടുത്തു. മുംബൈ അന്ധേരിയിലാണ് 14 വയസുകാരന്‍ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി മരിച്ച സംഭവത്തില്‍ ബ്ലൂവെയില്‍ ഗെയിമിന് ബന്ധമുണ്ടെന്നാണ് സൂചന.

കുട്ടിയുടെ സുഹൃത്തുക്കള്‍ ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായും പോലീസിന് മൊഴി നല്‍കി. ഗെയിം കളിച്ചിരുന്നതിനാലാണ് തിങ്കളാഴ്ച സ്‌കൂളില്‍ വരാന്‍ കഴിയാതിരുന്നതെന്ന് സുഹത്തുകളോട് പറഞ്ഞതായാണ് വിവരം. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുക്കാത്ത സാഹചര്യത്തില്‍ ഗെയിം തന്നെയാണ് വില്ലനെന്ന വിലയിരുത്തലിലാണ് പോലീസ്.

സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ഓണ്‍ലൈന്‍ ഗെയിമാണ് ബ്ലൂവെയില്‍ ചാലഞ്ച്. റഷ്യയിലാണ് ഗെയിമിന്റെ ഉത്ഭവം. ഒരുതരം ചലഞ്ച് ഗെയിമാണിത്. ഒരു വെള്ള പേപ്പറില്‍ നീല നിറത്തിലുള്ള തിമിംഗലത്തെ വരയ്ക്കാന്‍ ആവശ്യപ്പെടുന്നതാണ് ആദ്യത്തെ ഘട്ടം.

50 ദിവസത്തിനുള്ളില്‍ 50 ഘട്ടങ്ങള്‍ പൂര്‍ത്തികരിക്കണം. ഈ ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്വയം മുറിവേല്‍പ്പിക്കുന്നടക്കമുള്ള കാര്യങ്ങളും ചെയ്യണം. ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടും. ഗെയിമില്‍ ആകൃഷ്ടരായവര്‍ ഇതും ചെയ്യാന്‍ മടിക്കില്ലെന്നാണ് സൈബര്‍ ലോകത്തെ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ഈ ഗെയിം ലഭിക്കില്ല. ഓണ്‍ലൈനായി കളിക്കുന്നതാണ് രീതി. വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.