ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പാര്‍ട്ടി നിലപാട് തള്ളി എഫ്‌ഐആര്‍, രാഷ്ട്രീയ വൈരാഗ്യമെന്ന് പോലീസ്

 

തിരുവനന്തപുരം ശ്രീകാര്യത്തെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാജേഷിന്റേത് രാഷ്ട്രീയകൊലപാതകമെന്ന് പോലീസ്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്ന് നേരത്തെ സി.പി.എം. പ്രസ്താവന നടത്തിയിരുന്നു.എന്നാല്‍ പാര്‍ട്ടി നിലപാടിനെ തള്ളുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന എഫ്.ഐ.ആര്‍ രേഖകള്‍. ബി.ജെ.പി. ഡി.വൈ.എഫ്.ഐ. സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്.

പതിനൊന്ന് പേരാണ് കൊലപാതകത്തിന് പിന്നിലുള്ളത്. ഇതില്‍ 7 പേര്‍ പിടിയിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്.തന്റെ സുഹൃത്ത് മഹേഷിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാജേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് മുഖ്യപ്രതി മണിക്കുട്ടന്‍ പോലീസിന് മൊഴി നല്‍കി.

സംഭവ ദിവസം എടവക്കോട് പ്രദേശത്ത് സംഘം ചേര്‍ന്ന് പ്രതികള്‍ ഗൂഢാലോചന നടത്തുകയും പടക്കമെറിഞ്ഞ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ശാഖയില്‍ നിന്ന് തിരികെവരികയായിരുന്ന രാജേഷിനെ സംഘം ആക്രമിച്ചത്.

അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്ന ഏഴ് പേരെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. ഇവരുടെ ഫോണ്‍വിളികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചന സംബന്ധിച്ച തെളിവു ശേഖരണത്തിനാണിത്.