മുസ്ലീം സംഘടനകളെ മതവിഭാഗമാക്കി കേരള സര്‍ക്കാര്‍ ; നടപടി സ്വാശ്രയ മെഡിക്കൽ പ്രവേശന ന്യൂനപക്ഷ സംവരണത്തിൽ
കേരളത്തിലെ മുസ്ലീം മത സംഘടനകളെ ജാതിവിഭാഗമാക്കി കേരള സര്‍ക്കാര്‍. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള ന്യൂനപക്ഷ സംവരണത്തിലാണ് വിവിധ മുസ്ലിം സംഘടനകളെ ജാതികളാക്കി തിരിച്ച് സര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ പുറത്തുവന്നിരിക്കുന്നത്. മുസ്ലിങ്ങളിലെ മുജാഹിദ്, സുന്നി, ജമാഅത്തെ ഇസ്ലാമി എന്നീ വിഭാഗങ്ങളാണ് സര്‍ക്കാര്‍ കണക്കില്‍ ഇപ്പോള്‍ ജാതികള്‍ ആയി മാറിയിരിക്കുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഉള്ളത് പോലെ കേരളത്തിലെ മുസ്ലീംങ്ങള്‍ക്കിടയിലും പല ജാതികള്‍ നിലവില്‍ ഉണ്ട് എന്ന് സമര്‍ദിക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ നടപടി വെളിപ്പെടുത്തുന്നത്. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി എന്നീ അവാന്തര വിഭാഗങ്ങളെ ജാതികളാക്കി തിരിക്കുകയും ഈ വിഭാഗങ്ങളില്‍ പെടാത്തവര്‍ക്ക് കോളേജുകളില്‍ പ്രവേശനം വേണ്ടാ എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേതായി ഇന്നലെ പുറത്തുവിട്ട നോട്ടിഫിക്കേഷനിലാണ് സര്‍ക്കാരിന്റെ ഈ പുതിയ കണ്ടെത്തല്‍. മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന പട്ടിക പ്രകാരം മെഡിക്കല്‍ പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ താന്‍ ഇവയില്‍ ഏതെങ്കിലും ഒന്നിനു കീഴിലുള്ളവയാണെന്നു തെളിയിക്കേണ്ട സ്ഥിതിയാണുള്ളത്. ഇതിനായി അവര്‍ തെളിവ് ഹാജരാക്കുവാന്‍ വേണ്ടി അതാതു സംഘടനകളുടെ സംസ്ഥാന ഓഫീസില്‍ നിന്നുള്ള സമുദായ സര്‍ട്ടിഫിക്കറ്റും വിദ്യാര്‍ത്ഥികള്‍ കാണിക്കണം. ഇതിലൂടെ നിലവില്‍ കേരളത്തില്‍ വലിയ പിടിപാട് ഇല്ലാത്ത ഈ സംഘടനകള്‍ക്ക് ശക്തി ലഭിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അടുത്ത തിരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷ വോട്ടുകള്‍ പിടിച്ചെടുക്കുവാന്‍ സര്‍ക്കാര്‍ ഈ സംഘടനകളെ കരുവാക്കുന്നു എന്നും പരാതിയുണ്ട്. കൂടാതെ മറ്റു അവാന്തരവിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു പോരുന്നവര്‍ക്കോ ഒന്നിലും അംഗത്വം ഇല്ലാതെ സ്വതന്ത്രമായി ജീവിക്കുന്ന മുസ്ലിമിനോ ഒന്നും സര്‍ക്കാരിന്റെ പുതിയ പട്ടിക പ്രകാരം പ്രവേശനം ലഭിക്കില്ല. ഇതിലൂടെ മുസ്ലീംങ്ങള്‍ക്ക് ഇടയില്‍ തന്നെ ചേരിതിരിവ് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.
എന്നാല്‍ ഇവയിലൊന്നും പെടാത്ത വിദ്യാര്‍ത്ഥികള്‍ ഏതു പേരില്‍ പ്രവേശനം നേടുമെന്നും എവിടെ നിന്നു സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നതുമാണ് ഉയരുന്ന ചോദ്യം. ഉദാഹരണമായി മുജാഹിദ് വിഭാഗത്തില്‍പ്പെട്ടവര്‍ കോഴിക്കോട് അരയിടത്തുപാലത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎന്‍എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും സമുദായ സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് നോട്ടിഫിക്കേഷനിലെ നിര്‍ദേശം. ജമാഅത്തെ ഇസ്ലാമിയില്‍പ്പെട്ടവര്‍ കോഴിക്കോട് ഹിറാ സെന്ററിലെ സംസ്ഥാന ഓഫീസില്‍ നിന്നാണ് സമുദായ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. അല്ലാത്തവര്‍ വന്നവഴിക്കു മടങ്ങിക്കൊള്ളുക എന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു വിചിത്രമായ നോട്ടിഫിക്കേഷനിലൂടെ പറഞ്ഞുവയ്ക്കുന്നത്. അതുപോലെ കൊല്ലം അസീസിയ കോളജിലെ 20 സീറ്റില്‍ കൊല്ലം കേരള മുസ്ലിം ജമാഅത്ത് അംഗങ്ങളുടെ മക്കള്‍?ക്കാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊല്ലം കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷനില്‍നിന്നുള്ള രേഖയാണ് ഇതിനായി വിദ്യാര്‍ത്ഥികള്‍ ഹാജരാക്കേണ്ടത്. കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ ജാതിവ്യവസ്ഥ ഉണ്ടെന്ന് സ്ഥാപിക്കാനും വിഭാഗങ്ങള്‍ തമ്മില്‍ വിദ്യാഭ്യാസ കച്ചവടവും മത്സരവും കൊഴിപ്പിക്കാനും സര്‍ക്കാരിന്റെ ഈ പട്ടിക കാരണമാവുമെന്ന വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്.
കേരളത്തിലെ മുസ്ലിങ്ങളില്‍ ഏകദേശം 10-13 ശതമാനവും ഈ മൂന്നു വിഭാഗത്തിലും പെടാത്തവരാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഈ ജാതി സൃഷിടിപ്പ് കടുത്ത പ്രത്യാഘാതങ്ങള്‍ക്കാണു വഴിവയ്ക്കുക. അതുപോലെ ഈ രീതി സ്‌കൂള്‍ കോളേജ് തലങ്ങളിലും പരീക്ഷിക്കാന്‍ തയ്യാറായാല്‍ ഭാവിയില്‍ രൂക്ഷമായ പ്രതിസന്ധിയിലേയ്ക്കാകും സംസ്ഥാനം നീങ്ങുക.