പശുവിനെ വളര്‍ത്താന്‍ സഥലമില്ലേ ?… ഹോസ്റ്റലിലേയ്ക്കയച്ചോളു… തെരുവിലലയണ്ടല്ലോ…
വീട്ടില്‍ പശുവിനെ പോറ്റാന്‍ സ്ഥലമില്ലേ ? … വിഷമിക്കേണ്ട… നിങ്ങളുടെ പശുവിനെ ഹോസ്റ്റലിലേയ്ക്ക് ആക്കിക്കോളു.. തല്ക്കാലം ഇത് എല്ലാവരിലും എത്തില്ല കാരണം ആദ്യമായി പദ്ധതി നടപ്പിലാക്കുന്നത് ഹരിയാനയിലാണ്. പശുക്കള്‍ക്കായി ഹോസ്റ്റലുകള്‍ തുടങ്ങാനുള്ള പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
2013ല്‍ ഹരിയാനയില്‍ ആരംഭിച്ച ഗോ സേവക് ആയോഗ് എന്ന സ്വയം ഭരണാധികാര ബോര്‍ഡാണ് പശു ഹോസ്റ്റല്‍ എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനു മുമ്പാകെയാണ് ഗോ സേവക് ആയോഗ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ കവിത ജെയ്ന്‍ ഈ ആശയം സ്വാഗതം ചെയ്തുവെന്ന് മാത്രമല്ല തന്റെ മണ്ഡലമായ സോനിപ്പട്ടില്‍ ആദ്യത്തെ പശുഹോസ്റ്റല്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും അവര്‍ നടത്തി.
ഒരോ ഹോസ്റ്റലുകളിലും 50 പശുക്കളെ താമസിപ്പിക്കാനുള്ള സൗകര്യം ഒരുക്കും. സങ്കരയിനങ്ങള്‍ക്ക് ഹോസ്റ്റലുകളില്‍ ഇടമുണ്ടാവില്ലെന്നും നാടന്‍ ഇനങ്ങള്‍ക്ക് മാത്രമേ ഹോസ്റ്റല്‍ സൗകര്യം ഉണ്ടാവൂ എന്നുമാണ് അധികൃതര്‍ പറയുന്നത്.
ഹോസ്റ്റലിലെ പശുക്കളുടെ പാല്‍ ഉടമസ്ഥര്‍ക്ക് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
അവര്‍ക്ക് തന്നെയായിരിക്കും പാലിന്റെ വില്‍പന അവകാശവും.
ഹോസ്റ്റലുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ വരുന്നതോടെ തെരുവില്‍ അലഞ്ഞു തിരിയുന്ന പശുക്കളുടെ എണ്ണം ഇതോടെ കുറയുമെന്നാണ് സര്‍ക്കാര്‍രും പ്രതീക്ഷിക്കുന്നത്.