തലസ്ഥാനത്തെ അക്രമ സംഭവങ്ങള്‍: ആര്‍എസ്എസ് ബിജെപി നോതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങി
തലസ്ഥാനത്ത് നടക്കുന്ന ബി.ജെ.പി-സി.പി.എം. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്. ബി.ജെ.പി. നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് മുഖ്യമന്ത്രിയുടെ ചര്‍ച്ച. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ, ആര്‍.എസ്.എസ്. നേതാവ് പി ഗോപാലന്‍കുട്ടി തുടങ്ങിയവരുമായാവും ചര്‍ച്ച.
അക്രമ സംഭവങ്ങളില്‍ വിശദീകരണം തേടി മുഖ്യമന്ത്രിയെയും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെയും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അക്രമങ്ങളില്‍ അസംതൃപ്തി അറിയിക്കാനായിരുന്നു ഇത്. കൂടിക്കാഴ്ചയ്ക്കുശേഷം ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തിയ വിവരം ഗവര്‍ണര്‍ ട്വിറ്ററിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അതിനിടെ, തലസ്ഥാനത്ത് വീണ്ടും അക്രമത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.