‘ കടക്ക് പുറത്ത് ‘ ആക്രോശവുമായി മുഖ്യമന്ത്രി
മുഖ്യമന്ത്രി ബി.ജെ.പി. നേതാക്കളുമായി തിരുവനന്തപുരത്ത് നടത്തുന്ന സമാധാന ചര്‍ച്ചയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടക്കുന്ന ഹാളില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രി ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കൊപ്പമിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചില്ല.
9.30ന് മസ്‌കറ്റ് ഹോട്ടലിലാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍.എസ്.എസ്. പ്രാന്ത കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഒ. രാജഗോപാല്‍ എം.എല്‍.എ. എന്നിവരായിരുന്നു ആദ്യമെത്തിയത്. ഇവരെത്തി 10 മിനിറ്റ് കഴിഞ്ഞപ്പോളാണ് മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തിയത്. മുറിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെന്നറിഞ്ഞ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ ഉള്ളില്‍ കടത്തിവിട്ടതിന് മാനേജരോട് കയര്‍ത്തു.
മാധ്യമപ്രവര്‍ത്തകരോട് മുറിയില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ പുറത്തേയ്ക്കിറങ്ങുന്നതിനിടിയില്‍ ‘കടക്കു പുറത്ത്’ എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയുമായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെല്ലാം പുറത്തിറങ്ങി. ഇതിനു ശേഷം മാത്രമാണ് മുഖ്യമന്ത്രി ഹാളിനുള്ളില്‍ പ്രവേശിച്ചത്.
സാധാരണഗതിയില്‍, ചര്‍ച്ചയ്ക്കായി നേതാക്കള്‍ ഒരുമിച്ച് ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ചര്‍ച്ച ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് മാധ്യമങ്ങള്‍ മുറിവിട്ട് ഇറങ്ങാറുള്ളത്.