കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ച് പിയു ചിത്ര; ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയില്ലെന്ന് പരാതി
ലണ്ടനില്‍ നടകികുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് പി.യു. ചിത്ര ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. അത്ലറ്റിക് ഫെഡറേഷനോട് 1500 മീറ്റര്‍ മത്സരത്തില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും എന്നാല്‍ സമയപരിധി കഴിഞ്ഞതിനാല്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അത്ലറ്റിക് ഫെഡറേഷന് അറിയിച്ചത്. ചിത്ര നല്കിയ ഹര്‍ജിയിലാണ് നേരത്തെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.
അത്ലറ്റിക് ഫെഡറേഷന് സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതേ തുടര്‍ന്നു ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. നേരത്തെ പി.യു. ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലാണെന്ന് അത്ലറ്റിക് ഫെഡറേഷന് കായിക മന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഏഷ്യന്‍ മീറ്റിലെ സ്വര്‍ണം യോഗ്യതയായി കണക്കാക്കാനാകില്ലെന്നും ഫെഡറേഷന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.