ദേ നോക്ക് എന്റെ കാമുകന്‍ താലി കെട്ടിയ ഉടനെ അവള്‍ പറഞ്ഞു… പിന്നെ നടന്നത് വധു സ്വപ്നത്തില്‍ പ്രതീക്ഷിക്കാത്തത്…

ക്ഷേത്രനടയില്‍ താലിചാര്‍ത്തി സമുംഗലിയായി നില്‍ക്കുന്ന വധു തന്റെ കാമുകനെ അവിടെ കണ്ടു. ഒന്നും മറച്ചുവെയ്ക്കാനില്ലാത്തതു പോലെ ഇക്കാര്യം വധു മറ്റാരുമറിയാതെ വരന്റെ ചെവിയില്‍ പറഞ്ഞു. പിന്നെ അധികം താമസിച്ചില്ല, കല്യാണമേളത്തെ കേള്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ കൂട്ടയടിയും കോലാഹലങ്ങളും. നിമിഷങ്ങള്‍ക്കുള്ളില്‍ താലി ഊരിവാങ്ങിയ വരന്‍ വിവാഹം ഒഴിവാക്കി.

ഉത്തരേന്ത്യയില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പൊതുവേ കേള്‍ക്കാറുള്ളത് അല്ലേ എന്നാല്‍ അങ്ങനെയല്ല ഇത്. ഞായറാഴ്ച രാവിലെ പത്തരയോടെ ഗുരുവായൂര്‍ ക്ഷേത്രനടയിലായിരുന്നു സംഭവങ്ങള്‍. തൃശ്ശൂര്‍ ജില്ലക്കാരാണ് വരനും വധുവും. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം.

വധുവിന്റെ കാമുകന്‍ വന്നിട്ടുണ്ടെന്ന കാര്യം അറിഞ്ഞയുടന്‍ വരനു പിന്നെ പിടിച്ചു നില്‍ക്കാനായില്ല. ക്ഷേത്രനടയിലെ താലികെട്ട് കഴിഞ്ഞ് തൊട്ടടുത്തുള്ള കല്യാണമണ്ഡപത്തിലേക്ക് പോകുന്നതിനിടെ തന്നെ വരന്‍ ഇക്കാര്യം അമ്മയോടു പറഞ്ഞു. പിന്നെയത് ബന്ധുക്കളിലേക്ക് പകടര്‍ന്നത് കാട്ടു തീ പോലെയായിരുന്നു. ചൂടുള്ള വാര്‍ത്ത പോലെ… ഫോട്ടോയും വീഡിയോയും എടുക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ പറഞ്ഞ് വരന്റെ ബന്ധുക്കള്‍ വധുവിന്റെ ആളുകളെ വളഞ്ഞു.

പിന്നെ…… അടിപിടി ബഹളം. കല്യാണം വേണ്ടെന്നുപറഞ്ഞ് വരന്റെ ബന്ധുക്കള്‍ താലിമാലയും മറ്റ് സ്വര്‍ണാഭരണങ്ങളും ഊരിവാങ്ങി. വിവാഹ സാരിയും ചെരുപ്പും അടുത്തിടെ വധുവിന് വാങ്ങിക്കൊടുത്ത വിലകൂടിയ മൊബൈല്‍ ഫോണും ഒമ്പതു പവന്‍ തൂക്കമുള്ള താലി മാലയും വരന്‍ ഊരിവാങ്ങി.

കല്യാണമണ്ഡപത്തിലെ സംഘര്‍ഷമറിഞ്ഞ് പോലീസെത്തി. വധൂവരന്മാരെയും അവരുടെ ബന്ധുക്കളെയും പ്രത്യേകം വിളിച്ച് ചര്‍ച്ച നടത്തി. പക്ഷേ, തങ്ങളെ ചതിച്ചവരോട് ഇനി ഒരു ബന്ധം വേണ്ടെന്ന നിലപാടില്‍ വരന്റെ ബന്ധുക്കള്‍ ഉറച്ചുനിന്നു.

അപ്പോഴേയ്ക്കും മൂന്നുതരം പായസവുമായി സദ്യ അടുക്കളയില്‍ തയ്യാറാക്കിയിരുന്നു. ആരും ആ വഴിക്ക് പോയതേയില്ല. ഹര്‍ത്താലായതിനാല്‍ പുറത്തുനിന്ന് ഭക്ഷണം കിട്ടിയതുമില്ല. കുട്ടികളും പ്രായമായവരുമടക്കം 200 ഓളം പേര്‍ വരന്റെ കൂടെ എത്തിയിരുന്നു. അവരെല്ലാം വെള്ളംപോലും കുടിക്കാനാകാതെ നാട്ടിലേക്ക് മടങ്ങി. വരന്റെ മുത്തശ്ശി കല്യാണമണ്ഡപത്തിലിരുന്ന് നിലവിളി കൂട്ടുന്നതും കണ്ടു.

ഉച്ചയോടെ വരന്റെ ബന്ധുക്കള്‍ ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ പ്രണയം മറച്ചുവെച്ച് തങ്ങളെ ചതിച്ചുവെന്നും നഷ്ടപരിഹാരമായി 15 ലക്ഷം രൂപ തരണമെന്നുമാണ് ആവശ്യപ്പെടുന്നത്.