പിയു ചിത്രയെ ഒഴിവാക്കിയത് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അറിഞ്ഞില്ല; വെളിപ്പെടുത്തലുമായി രണ്‍ധാവെ

ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പിന് പോകുന്ന ടീമിനെ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ ചെയര്‍മാനായ തന്നെ അന്തിമ പട്ടിക കാണിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തി ജി.എസ്. രണ്‍ധാവെ. ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശനമാണ് നിലവിലെ ചെയര്‍മാന്‍ കൂടിയായ രണ്‍ദാവെ ഉയര്‍ത്തി വിട്ടിരിക്കുന്നത്.

ചിത്രയെ ഒഴിവാക്കിയെന്ന് മനസ്സിലായത് അവസാന നിമിഷമാണെന്നും ഏഷ്യന്‍ ചാമ്പ്യന്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും രണ്‍ധാവെ പ്രതികരിച്ചു. അന്തിമ പട്ടിക തയ്യാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയല്ലെന്നും അത്‌ലറ്റിക് ഫെഡറേഷനാണെന്നും രണ്‍ധാവെ വെളിപ്പെടുത്തി.

അതേസമയം പട്ടികയില്ലാതിരുന്ന ശേഷം അവസാന നിമിഷം ടീമില്‍ ഇടംപിടിച്ച സ്റ്റീപ്പ്ള്‍ചേസ് താരം സുധാ സിങ്ങ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നു. ആദ്യം പ്രഖ്യാപിച്ച പട്ടികയിലില്ലാത്തതും പിന്നീട് ടീമില്‍ ഉള്‍പ്പെടുത്തുമെന്നുമുള്ള കാര്യം നേരത്തെ തനിക്കറിയാമായിരുന്നുവെന്നും സുധാ സിങ്ങ് വ്യക്തമാക്കി.

ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അതല്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പി.യു ചിത്ര 1500 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ ചിത്രയുടെ പ്രകടനം ലോകനിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ലണ്ടനിലേക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.