നടന്‍ അജു വര്‍ഗീസിനെതിരായ കേസ് പിന്‍വലിക്കണമെന്ന് അക്രമത്തിനിരയായ നടി

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്ത നടന്‍ അജു വര്‍ഗ്ഗീസ് തന്റെ പേര് പരാമര്‍ശിച്ചു കൊണ്ട് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ദുരുദ്ദേശപരമല്ലെന്നും അദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ആക്രമിക്കപ്പെട്ട നടി. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യം ചെയ്തതിനു ശേഷം ദിലീപിനെ ന്യായീകരിച്ച് ഇട്ട പോസ്റ്റിലാണ് അജു വര്‍ഗ്ഗീസ് ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചത്. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്ന് പിന്നീട് പേര് പോസ്റ്റില്‍ നിന്ന് മാറ്റുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചതിന് അജുവിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കളമശ്ശേരി സ്വദേശി ശിരീഷ് ബാബു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. അതേസമയം തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജുവര്‍ഗ്ഗീസ് ഹൈക്കോടതിയെ സമീപിക്കുകായയിരുന്നു.

കേസ് റദ്ദാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള നടിയുടെ സത്യവാങ്മൂലവും അജുവര്‍ഗ്ഗീസ് ഇതോടൊപ്പം സമര്‍പ്പിച്ചു. കേസ് കോടതി പിന്നീട് പരിഗണിക്കും