സുനിയുമായി സംസാരിച്ചത് ദിലീപ് നിര്‍ദ്ദേശിച്ചതനുസരിച്ച്; ആറുമണിക്കൂര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തലുകളുമായി അപ്പുണ്ണി

കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ ചോദ്യം ചെയ്ത ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. സുനിയെ അറിയാമെന്നും ദിലീപിനു വേണ്ടി ഫോണില്‍ സംസാരിച്ചെന്നും അപ്പുണ്ണി അന്വേഷണ സംഘത്തോട് സമ്മതിച്ചു. അപ്പുണ്ണിയെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

സുനി ദിലീപിനെ ഫോണില്‍ വിളിച്ചപ്പോള്‍ താനായിരുന്നു ഫോണ്‍ എടുത്തത്. പള്‍സര്‍ സുനിയുമായി താന്‍ ഫോണില്‍ സംസാരിച്ചത് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ്. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്ന മട്ടില്‍ സംസാരിക്കാന്‍ ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നു. സംസാരിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നെന്നും അപ്പുണ്ണി മൊഴിനല്‍കി.

പള്‍സര്‍ സുനിയെ നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ തനിക്ക് അറിയാമായിരുന്നെന്ന് അപ്പുണ്ണി മൊഴി നല്‍കി. ജയിലില്‍ നിന്ന് സുനി അയച്ച കത്തിന്റെ കാര്യവും തനിക്ക് അറിയാമായിരുന്നെന്നും അപ്പുണ്ണി സമ്മതിച്ചിട്ടുണ്ട്. അതേസമയം, നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയെന്ന് അറിയില്ലെന്നും അപ്പുണ്ണി മൊഴി നല്‍കി.

ഗൂഢാലോചന സംബന്ധിച്ച് ദിലീപും സുനിയും തമ്മില്‍ ബന്ധമുണ്ടായിരുന്നോ എന്ന് തനിക്ക് അറിയില്ലെന്നും സുനി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം വീണ്ടും അപ്പുണ്ണിയെ ചോദ്യം ചെയ്‌തേയ്ക്കും.