നടന്‍ അജുവര്‍ഗീസിനെതിരായ എഫ്ഐആര്‍ റദ്ദാക്കാനാവില്ല-ഹൈക്കോടതി

ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നടന്‍ അജു വര്‍ഗീസിനെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലന്ന് ഹൈക്കോടതി.

നടിയുമായി ഒത്തുതീര്‍പ്പായതുകൊണ്ടുമാത്രം എഫ്‌.ഐ.ആര്‍ റദ്ദാക്കാനാവില്ലന്നും പൊലീസ് അന്വേഷണത്തില്‍ ഇടപെടില്ലെന്നും കോടതി അറിയിച്ചു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജുവര്‍ഗീസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിശദീകരണം നല്‍കിയത്.

എഫ്‌ഐആര്‍ റദ്ദാക്കുന്നതില്‍ വിരോധമില്ലെന്ന നടിയുടെ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം അജു വര്‍ഗീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഇരയുടെ പേര് പരസ്യപ്പെടുത്തിയ കേസില്‍ കളമശേരി പൊലീസാണ് അജു വര്‍ഗീസിനെതിരേ കേസെടുത്തിരുന്നത്. അജുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്നെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്.

മനപൂര്‍വം ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നടി തന്റെ അടുത്ത സുഹൃത്താണെന്നും അജു ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.