പീഢനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ ? പിസി ജോര്‍ജ്ജിനെതിരെ ഭാഗ്യലക്ഷമി
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച പി.സി. ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോയെന്ന് ഭാഗ്യലക്ഷ്മി എം.എല്‍.എയോട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
അവര്‍ ഒരു നടി ആയതുകൊണ്ടാണോ? താങ്കളുടെ പെണ്‍മക്കള്‍ക്കാണിത് സംഭവിച്ചതെങ്കില്‍ താങ്കളവരെ വീട്ടില്‍ പൂട്ടിയിടുമോ? അവര്‍ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കള്‍ പറയുമോ? പള്‍സര്‍ സുനിയും കൂട്ടരുമാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അപ്പോള്‍ താങ്കള്‍ വാദിക്കുന്നത് പള്‍സര്‍ സുനിക്ക് വേണ്ടിയാണോ? എന്നും ഭാഗ്യ ലക്ഷി ചോദിക്കുന്നു.
ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം അഭിനയിക്കാന്‍ പോയതെന്നായിരുന്നു പി.സി. ജോര്‍ജ് എം.എല്‍.എയുടെ ചോദ്യം.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഒന്നും മിണ്ടാതെയിരിക്കാൻ ആവത് ശ്രമിക്കുന്നുണ്ട്…എന്ത് ചെയ്യാൻ..
അപമാനിക്കപ്പെട്ടതിനു പുറമേ,
പെൺകുട്ടിക്കെതിരെ ഇത്ര നീചമായ പ്രസ്താവനകൾ കേൾക്കുമ്പോൾ എങ്ങനെ പ്രതികരിക്കാതെയിരിക്കും…
പെൺകുട്ടിക്കെതിരെ പരിഹാസവുമായി MLA PC GEORGE..
പീഡിപ്പിക്കപ്പെട്ട നടി പിറ്റേ ദിവസം ഷൂട്ടിങിന് പോയതിനെ പരിഹസിച്ച് ശ്രീ പി സി ജോർജ്ജ് പറയുന്നു.
“പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കെങ്ങനെ പിറ്റേ ദിവസം ജോലിക്ക് പോകാൻ സാധിച്ചു?
അവരേത് ആശുപത്രിയിലാണ് അന്ന് പോയത്? എന്നൊക്കെയാണ് അദ്ദേഹത്തിന്റെ സംശയം.
അപ്പൊൾ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ അവൾ പുറത്തിറങ്ങാതെ കരഞ്ഞ് കരഞ്ഞ് ജീവിതമവസാനിപ്പിക്കണമെന്ന് ഒരു
ജനപ്രതിനിധിതന്നെ പറയുന്നു..
പീഡനമെന്നത് താങ്കൾക്കൊരു തമാശയാണോ?അതോ അവർ ഒരു നടി ആയതുകൊണ്ടാണോ..?താങ്കളുടെ പെൺമക്കൾക്കാണിത് സംഭവിച്ചതെങ്കിൽ താങ്കളവരെ വീട്ടിൽ പൂട്ടിയിടുമോ?അവർ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കൾ പറയുമോ?
ജോർജ് സാറേ താങ്കൾ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്..അതിന് കൈയ്യടിക്കുന്നവരേയും കണ്ടിട്ടുണ്ട്….പക്ഷേ
ഇതിത്തിരി ക്രൂരമായ പ്രസ്താവനയായിപ്പോയി സാറേ…
ഇതിന് ജനം കൈയ്യടിക്കുമെന്ന് കരുതരുത്..
ആരെ സംരക്ഷിക്കനാണീ നാടകം?.പൾസർ സുനിയേയോ?പൾസർ സുനിയും കൂട്ടരുമാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി..അപ്പൊൾ താങ്കൾ വാദിക്കുന്നത് പൾസർ സുനിക്ക് വേണ്ടിയാണോ?അത് വ്യക്തമാക്കൂ..
നല്ല ജനപ്രതിനിധി… അവനവന് വേദനിക്കണം.
എന്നാലേ വേദനയെന്തെന്നറിയൂ..
തോക്കും ചൂണ്ടി നടന്ന്
റബ്ബറും ഏലവും പണംവും മാത്രം കണ്ട് വളർന്ന താങ്കൾക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ല…
നടിയും ഞങ്ങളുടെ മകളാണെന്നാണ് അന്ന് അമ്മ ഭാരവാഹികൾ പറഞ്ഞത്…
തന്റെ മകളെ അപമാനിച്ച വ്യക്തിക്കെതിരെ അമ്മ സംഘടന എന്തെങ്കിലും ചെയ്യുമോ?