സിയുജി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും; ആദ്യ പരീക്ഷണം കേരളത്തില്‍, ബിജെപി ഗുണഭോക്താക്കളാകും
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സി.യു.ജി. (ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്) സേവനം ലഭ്യമാക്കാനൊരുങ്ങി പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍. പ്രത്യേക ഗ്രൂപ്പുകളായി സിം കാര്‍ഡുകള്‍ നല്‍കുന്ന സംവിധാനമാണ് സി.യു.ജി. ഈ ഗ്രൂപ്പിനുള്ളിലുള്ളവര്‍ക്ക് പരസ്പരം എത്ര നേരം വേണമെങ്കിലും ഫോണ്‍ ചെയ്യാനാകുമെന്നതാണ് പ്രത്യേകത.
ബി.ജെ.പിയാണ് പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കളാകുക. തൃശൂര്‍ സെക്കന്‍ഡറി സ്വച്ചിങ് ഏരിയയില്‍ (എസ്.എസ്.എ) 25,000 സിം കാര്‍ഡുകള്‍ ബി.ജെ.പി. വാങ്ങും. തുടര്‍ച്ചയായുള്ള നമ്പറുകളായിരിക്കും ഈ സിംകാര്‍ഡുകള്‍ക്ക് നല്‍കുക. മുമ്പ് പോലീസ്, ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ബി.എസ്.എന്‍.എല്‍. സി.യു.ജി. സിം കാര്‍ഡുകള്‍ നല്‍കിയിരുന്നു.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളെ സി.യു.ജിയില്‍ ഉള്‍പ്പെടുത്തിയതില്‍ പലര്‍ക്കും ആശങ്കയുണ്ട്. പാര്‍ട്ടിയിലെ പ്രവര്‍ത്തനങ്ങളും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള ആശയവിനിമയങ്ങളും ഇനി രഹസ്യമായിരിക്കും. പ്രക്ഷോഭത്തിന് അടക്കമുള്ള ആഹ്വാനങ്ങളും മറ്റും പുറത്തുള്ളവര്‍ അറിയാതെ കൈമാറുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ആക്ടിവേഷന്‍ ചാര്‍ജായി ആദ്യം ഒരു തുക ഈടാക്കും. ഇത് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ചാണ്. 25 പേരുള്ള ഗ്രൂപ്പാണെങ്കില്‍ 80 രൂപയും 250ന് മുകളില്‍ അംഗങ്ങളുണ്ടെങ്കില്‍ ഒരു സിമ്മിന് 60 രൂപയുമാണ് പ്രതിമാസ നിരക്ക്. 250ന് മുകളില്‍ അംഗങ്ങളുണ്ടെങ്കില്‍ സിം നിരക്ക് പിന്നെയും കുറയും.
കേരള പോലീസിന് 30 രൂപയ്ക്കാണ് സിം കാര്‍ഡ് നല്‍കിയത്. ഡി.ജി.പി. മുതല്‍ താഴെത്തട്ടുവരെയുള്ള ഈ ഗ്രൂപ്പിനായി എടുത്തത് 51,084 കണക്ഷനാണ്.