പാചകവാതക സബ്‌സിഡി തുടരും; അനര്‍ഹരെ ഒഴിവാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍

ഇന്നലെ പുറത്തുവന്ന പാചകവാതക സബ്‌സിഡി എടുത്തുകളയുമെന്ന തീരുമാനത്തെ തിരുത്തി കേന്ദ്രസര്‍ക്കാര്‍. പാവപ്പെട്ടവര്‍ക്കുള്ള പാചകവാതക സബ്‌സിഡി തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം അര്‍ഹതപ്പെട്ടവര്‍ക്ക് സബ്‌സിഡി നിരക്കില്‍ പാചകവാതക സിലിണ്ടര്‍ ലഭിക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ വ്യക്തമാക്കി.

പാചകവാതക വില കൂട്ടാനും സബ്‌സിഡി കുറയ്ക്കാനുമുള്ള തീരുമാനം യു.പി.എ. സര്‍ക്കാരിന്റേതാണെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ പാവപ്പെട്ടവരെ വഞ്ചിക്കില്ല. അനര്‍ഹരെ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എം.പിമാരായ സീതാറാം യെച്ചൂരി, ഗുലാം നബി ആസാദ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായിരുന്നു. വിഷയത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായതിനെത്തുടര്‍ന്ന് രാജ്യസഭ രണ്ട് തവണ നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു.