മുഖ്യമന്ത്രി നടത്തിയ രോഷപ്രകടനം അനാവശ്യമായെന്ന് സിപിഎം കേന്ദ്ര നേതൃത്വം
സംസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നതിനവേണ്ടി വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ സി.പി.എം. കേന്ദ്ര നേതൃത്വത്തിന് അതൃപ്തി.
രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് കേന്ദ്ര നേതാക്കള്‍ വിലയിരുത്തി. ഇന്നലെ വിളിച്ചുചേര്‍ത്ത സമാധാന ചര്‍ച്ച ഗവര്‍ണര്‍ പറഞ്ഞിട്ടാണെന്ന പ്രതീതി ഉയര്‍ത്തിയതിലും കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. സമാധാന യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് കടക്കു പുറത്ത് എന്ന് എന്ന മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ വികാര പ്രകടനം ദേശീയ തലത്തില്‍ അടക്കം ചര്‍ച്ചയായിരുന്നു. ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ഇത് വാര്‍ത്തയാക്കുകയും ചെയ്തു. ഇത്തരം ഒരു സംഭവം ഒഴിവാക്കാമായിരുന്നു എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അത് ഒഴിവാക്കിയിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്നൊരു വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ട്.
മാത്രമല്ല ആര്‍.എസ്.എസ്, ബി.ജെ.പി. നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ സമാധാന ചര്‍ച്ച ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമായിരുന്നു എന്ന പ്രതീതി ഉയര്‍ത്തിയതിലും കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. യോഗം വിളിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലിന്റെ ആടിസ്ഥാനത്തിലാണ് എന്ന പ്രചരണം ആവശ്യമായിരുന്നു. മാത്രമല്ല സര്‍വകക്ഷി യോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കിയത് കേന്ദ്ര നേതൃത്വമാണ്.
ഗവര്‍ണര്‍ വിളിച്ചപ്പോള്‍ പോകേണ്ടിയിരുന്നില്ല. ഗവര്‍ണറുടെ ഇത്തരം അധികാര പ്രകടനങ്ങളെ സി.പി.എം. എല്ലാക്കാലത്തും എതിര്‍ത്തിരുന്നുവെന്നും കേന്ദ്ര നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു കൂടിക്കാഴ്ചയ്ക്ക് ഇരുന്നുകൊണ്ടുക്കേണ്ടിയിരുന്നില്ല എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.