ദോക്ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന നിലപാടിലുറച്ച് ചൈന; പ്രസ്താവനയില്‍ മുന്നറിയിപ്പും
ദോക്ലാമില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് ചൈന വീണ്ടും. പ്രത്യേകം തയാറാക്കിയ 15 പേജുകളുള്ള പ്രസ്താവനയിലാണ് ചൈന നിലപാട് കടുപ്പിച്ചിരിക്കുന്നത്.
സൈന്യത്തെ പിന്‍വലിക്കുകയല്ലാതെ സംഘര്‍ഷം പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ എത്രയും വേഗം ശക്തമായ നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യം.
തര്‍ക്കപ്രദേശത്തിന്റെ ഭൂപടവും മറ്റു വിശദാംശങ്ങളും ഉള്‍പ്പെടുന്ന 15 പേജുകളുള്ള പ്രസ്താവന, ന്യൂ ഡല്‍ഹിയിലെ ചൈനീസ് എംബസിയാണ് പുറത്തുവിട്ടത്. ജൂണ്‍ 16ന് ആരംഭിച്ച ദോക്ലാമിലെ സംഘര്‍ഷത്തിന്റെ വിശദാംശങ്ങളും ഇതിലുണ്ട്.
ഇക്കഴിഞ്ഞ ജൂണ്‍ 18ന് 270 ഇന്ത്യന്‍ ട്രൂപ്പുകള്‍ ചൈനീസ് അതിര്‍ത്തി കടന്ന് 100 മീറ്ററോളം ഉള്ളിലേക്കു പ്രവേശിച്ചതായും പ്രസ്താവനയില്‍ ആരോപണമുണ്ട്. ചൈനയുടെ അധീനതയിലുള്ള പ്രദേശത്ത് നടത്തിവന്ന റോഡ് നിര്‍മാണം ഇന്ത്യ തടസപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഒരു ഘട്ടത്തില്‍ ഏതാണ്ട് 400 പേര് വരെ ചൈനയുടെ പ്രദേശത്തേക്ക് കടന്നുകയറി ടെന്റുകള്‍ സ്ഥാപിച്ചു. 180 മീറ്റര്‍ വരെ ചൈനയുടെ പ്രദേശത്തേക്കു കടന്നായിരുന്നു ഇത്. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ചൈനീസ് സന്ദര്‍ശനത്തെക്കുറിച്ചും അധികൃതരുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളെക്കുറിച്ചും അവര്‍ ആദ്യമായി വിശദീകരിക്കുകയും ചെയ്തു.
ബ്രിക്സ് രാജ്യങ്ങളുടെ സഹകരണത്തെക്കുറിച്ചും, ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും, പ്രസക്തമായ വിഷയങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സിക്കിം മേഖലയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചേ തീരൂവെന്ന് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറായ യാങ് ജിയേച്ചി ദോവലിനെ അറിയിച്ചതായും പ്രസ്താവനയിലുണ്ട്.