കേരളത്തിലും തമിഴ്‌നാട്ടിലും ഐസ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി പോലീസ് പിടിയിലായ ആള്‍

കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം നടത്താന്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇരുസംസ്ഥാനങ്ങളിലെയും ബി.ജെ.പി, വി.എച്ച്.പി. നേതാക്കളെയാണു ലക്ഷ്യമിട്ടിരുന്നതെന്ന് ഐ.എസ്. ബന്ധം സംശയിച്ച് ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്ത കണ്ണൂര്‍ സ്വദേശി ഷാജഹാന്‍ വെള്ളുവക്കണ്ടി മൊഴി നല്‍കി.

തുര്‍ക്കിയിലേക്കു പോയ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണു നിര്‍ണായകമായ ഈ തീരുമാനമെടുത്തതെന്നാണു പുറത്തുവരുന്ന വിവരം. സിറിയ, തുര്‍ക്കി എന്നിവിടങ്ങളിലെ ഐ.എസ്. ശൃംഖലയുമായി ബന്ധമുള്ള ഷാജഹാന്‍ ഇന്ത്യയിലെത്തുന്നതു സംബന്ധിച്ചു യു.എസ്. ചാരസംഘടനയായ സി.ഐ.എ. ഡല്‍ഹി പോലീസിനു വിവരം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. വ്യാജ പാസ്‌പോര്‍ട്ടുമായി തുര്‍ക്കിയിലെത്തിയ ഷാജഹാനെ അവിടെനിന്നു തിരിച്ചയയ്ക്കുകയായിരുന്നു. തുര്‍ക്കി വഴി സിറിയയിലേക്കു കടക്കുകയായിരുന്നു ലക്ഷ്യം. രണ്ടാം തവണയാണ് ഇയാള്‍ തുര്‍ക്കിയിലെത്തിയത്. ചെന്നൈയില്‍നിന്നു കഴിഞ്ഞ ഫെബ്രുവരി ആദ്യം എത്തിയപ്പോള്‍, വ്യാജ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത അധികൃതര്‍ തിരിച്ചയച്ചിരുന്നു.