ജീന്‍പോള്‍ ലാലിനെ അറസ്റ്റ് ചെയ്യണം; ജാമ്യം അനുവദിക്കരുതെന്ന് പോലീസ്, കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും അനുമതിയില്ലാതെ തന്റെ കഥാപാത്രത്തിന് ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും യുവനടി പരാതി ഉന്നയിച്ച സംവിധായകന്‍ ജീന്‍ പോള്‍ ലാലിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നടിയുടെ പരാതി പ്രകാരം അശ്ലീലച്ചുവയോടെ സംസാരിച്ചതിന് ജീന്‍ പോളും നടന്‍ ശ്രീനാഥ് ഭാസിയുമടക്കം നാല് പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

എറണാകുളം എ.സി.ജെ.എം. കോടതിയില്‍ ജീന്‍ പോള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്താണ് പോലീസിന്റെ റിപ്പോര്‍ട്ട്.
‘ഹണി ബീ 2’ എന്ന ചിത്രത്തിലെ അഭിനയത്തിന് തനിയ്ക്ക് പ്രതിഫലം നല്‍കിയില്ലെന്നും അതാവശ്യപ്പെട്ട് കൊച്ചി റമദ ഹോട്ടലില്‍ എത്തിയപ്പോള്‍ അശ്ലീല സംഭാഷണം നടത്തിയെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും നടി പോലീസിന് മൊഴി നല്‍കിയിരുന്നു.

നടിയുടെ ആരോപണങ്ങള്‍ ശരിയാണെന്നും ആയതിനാല്‍ ജീന്‍ പോളിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യം നല്‍കരുതെന്ന് ഈ റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.ഒരു അഭിനേതാവിന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് എത്രത്തോളം കുറ്റകരമാണെന്ന് അന്വേഷണം മുന്നോട്ട് നീങ്ങിയാലേ തീരുമാനിക്കാനാവൂ എന്ന നിലപാടിലായിരുന്നു തുടക്കത്തില്‍ പോലീസ്.

എന്നാല്‍ പരാതി നല്‍കിയ നടിയുടെ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചതായി സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിച്ച പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണോദ്യോഗസ്ഥനായ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ ഇന്ന് രാവിലെ മരടിലെ ഹോട്ടലിലെത്തി തെളിവെടുത്തിരുന്നു.