സര്‍ക്കാര്‍ ഒപ്പമുണ്ട്; സികെ വിനീതിന് സര്‍ക്കാര്‍ ജോലി, പിയു ചിത്രയ്ക്കും സഹായം

പിയു ചിത്രയ്ക്കും സികെ വിനീതിനും സഹായവുമായി സര്‍ക്കാര്‍. ഫുട്‌ബോള്‍ താരം സി.കെ.വിനീതിന് ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ട സാഹചര്യത്തിലാണ് പുതിയ ജോലി നല്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ത്യന്‍ താരം കൂടിയായ വിനീത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടിയാണ് ബൂട്ടണിയുന്നത്.

അത്‌ലറ്റ് പി.യു. ചിത്രയ്ക്ക് പരിശീലനത്തിന് ധനസഹായം നല്‍കാനും മന്ത്രി സഭായോഗത്തില്‍ ധാരണയായിട്ടുണ്ട്. മാസം 10,000 രൂപയും ദിവസം 500 രൂപയുമാണ് പരിശീലനത്തിനായി ചിത്രയ്ക്ക് ലഭിക്കുക. തനിക്കൊരു ജോലി വേണമെന്ന പി.യു.ചിത്രയുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം.

ഇയ്യിടെ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ ചിത്രയെ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലേയ്ക്ക് തിരഞ്ഞെടുക്കാതിരുന്നത് വലിയ വിവാദമായിരുന്നു. 2003ല്‍ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 3000 മീറ്റര്‍ ഓട്ടത്തിലും പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന ചിത്ര സ്വര്‍ണം നേടിയിരുന്നു.