അടിസ്ഥാന പലിശ നിരക്കില്‍ 0.25% കുറവുവരുത്തി ആര്‍ബിഐ
അടിസ്ഥാന പലിശനിരക്കായ റിപ്പോ 6.25 ശതമാനത്തില്‍നിന്ന് ആറു ശതമാനമായും റിവേഴ്‌സ് റിപ്പോ ആറു ശതമാനത്തില്‍നിന്ന് 5.75 ശതമാനമായും കുറയും. അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവു വരുത്തി റിസര്‍വ് ബാങ്കിന്റെ വായ്പാ നയം. അതേസമയം, റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ച് സാഹചര്യത്തില്‍ ബാങ്കുകള്‍ വാഹന, ഭവന വായ്പകളുടെ പലിശയും കുറച്ചേക്കും.
ബാങ്കുകള്‍ ആര്‍.ബി.ഐയില്‍ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയാണ് റിവേഴ്‌സ് റിപ്പോ. ആര്‍.ബി.ഐ. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ.
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ജൂണില്‍ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമായ 1.54 ശതമാനത്തിലെത്തിയതിനാല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാര വ്യവസായ ലോകം. ആര്‍.ബി.ഐ. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മുതല്‍ നടന്നുവരുന്ന ആറംഗ പണനയ അവലോകന സമിതി (എം.പി.സി.) യാണ് നയപ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ നാല് അവലോകന യോഗങ്ങളിലും പണപ്പെരുപ്പ ഭീഷണിയുടെ പേരില്‍ അടിസ്ഥാന പലിശനിരക്കായ റിപ്പോയില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ വായ്പ വിതരണക്കാരായ എസ്.ബി.ഐ. കഴിഞ്ഞ ദിവസം സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയില്‍ അരശതമാനത്തിന്റെ കുറവു വരുത്തിയിരുന്നു.