ക്വട്ടേഷന്‍ നല്‍കിയത് മാഡം; അങ്ങനെയൊരു മാഡമില്ലെന്ന് ഉറപ്പിച്ച് പോലീസ്, സ്ത്രീയുടെ ഇടപെടല്‍ മന:പൂര്‍വ്വമായി വരുത്തി തീര്‍ത്തത്
കൊച്ചിയില്‍ നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനെന്ന് പോലീസ് കണ്ടെത്തല്‍. ക്വട്ടേഷനു പിന്നില്‍ സ്ത്രീ ഇല്ല എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചു. ആക്രമണ സമയത്ത് സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് സുനി പറഞ്ഞിരുന്നു.
നടിയോടാണ് ആക്രമണ സമയത്ത് ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് സുനി പറഞ്ഞത്. ഇക്കാര്യം ആദ്യമൊഴിയില്‍ തന്നെ നടി പോലീസിനോടും പറഞ്ഞിരുന്നു. പോലീസിന് നല്‍കിയ മൊഴിയില്‍ ഒരു മാഡത്തെക്കുറിച്ചും സുനി പരാമര്‍ശിച്ചിരുന്നു. പോലീസ് അന്വേഷണം ദിലീപിലേയ്ക്ക് എത്തിച്ചേരാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് പോലീസ് പറയുന്നത്.
ദിലീപിന്റെ വിശ്വസ്തനായിരുന്നു പള്‍സര്‍ സുനിയെന്നും ജയിലില്‍ നിന്നയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാകുമെന്നും പോലീസ് പറയുന്നു. ദിലീപിലേയ്ക്ക് അന്വേഷണം പോകാതിരിക്കാന്‍ അന്വേഷണത്തിന്റെ തുടക്കത്തില്‍ സുനി പരമാവധി ശ്രമിച്ചിരുന്നു. ജയിലിലായാലും ദിലീപ് തന്നെ സാമ്പത്തികമായി സഹായിക്കുമെന്ന് സുനിക്ക് ഉറപ്പുണ്ടായിരുന്നു.
ബോധപൂര്‍വ്വം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആദ്യം ഇത്തരം മൊഴി നല്‍കിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പലരെയും അങ്ങോട്ടുചെന്ന് കണ്ടാണ് ചോദ്യം ചെയ്യുന്നത്. മറ്റുചിലരെ രഹസ്യമായി കണ്ടും ഫോണിലും ചോദ്യം ചെയ്യുന്നുണ്ട്. ദിലീപിന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെയാണ് ചോദ്യംചെയ്യുന്നത്.