ചവറുവാരുന്ന അംബേദ്കര്‍; വെട്ടിലായി റെയില്‍വേ, പരസ്യം നീക്കം ചെയ്ത് നന്ദിയും പറഞ്ഞു

ഇന്ത്യയുടെ ഭരണഘടനാ ശില്‍പിയും ദളിത് നവോത്ഥാന നായകനുമായ ഡോ ബി.ആര്‍. അംബേദ്കറെക്കൊണ്ട് ചവറ് എടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ പരസ്യം. ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ സ്ഥാപിച്ച സ്വച്ഛ് ഭാരത് പരസ്യ ബോര്‍ഡിലാണ് അംബേദ്കര്‍ ചവറ് വാരുന്ന ചിത്രമുള്ളത്.

കുരങ്ങില്‍ നിന്ന് മനുഷ്യനായി പരിണമിക്കുന്ന ചിത്രങ്ങളുടെ അവസാനം ചവര്‍ വാരി കുട്ടയിലിടുന്ന അംബേദ്കറിന്റെ ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്. തുടര്‍ന്ന് ചിത്രം ദളിത് വിരുദ്ധമാണെന്നും അംബേദ്കറിനെ അധിക്ഷേപിക്കുകയാണെന്നുമുള്ള ആരോപണമുയര്‍ന്നു.

ഇക്കാര്യം സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ തെഹ്‌സീന്‍ പൂനവാല വിഷയം ട്വിറ്ററിലൂടെ ഉയര്‍ത്തിക്കാട്ടിയതോടെ റെയില്‍വേ മന്ത്രാലയം പരസ്യം നീക്കം ചെയ്തു.

സുരേഷ് പ്രഭു സാര്‍. നരേന്ദ്ര മോഡിയെ കാണിക്കാതെ എന്റെ ബാബാ സാഹേബിനെ ഇങ്ങനെ ചിത്രീകരിക്കുന്നത് എന്തിന്? ഈ മനുവാദ അധിക്ഷേപം നിര്‍ത്തൂ എന്ന് തെഹ്‌സീര്‍ പൂനവാല ട്വിറ്ററില്‍ കുറിച്ചു.

പോസ്റ്റര്‍ റെയില്‍വേ നീക്കം ചെയ്തില്ലെങ്കില്‍ തങ്ങള്‍ മാറ്റുമെന്നും പൂനവാല പറഞ്ഞിരുന്നു.എന്നാല്‍ റെയില്‍വേ അഭിപ്രായപ്രകടനത്തിന് നന്ദി പറയുകയും ചിത്രം നീക്കം ചെയ്തതായി അറിയിക്കുകയും ചെയ്തു. പരസ്യം നല്‍കി വെട്ടിലാകുകയായിരുന്നു റെയില്‍വേ.