ആത്മഹത്യയ്ക്ക്‌ പ്രേരിപ്പിക്കുന്ന ബ്ലൂവെയില്‍ ഗെയിം കേരളത്തിലും; രക്ഷിതാക്കള്‍ക്ക് ജാഗ്രതയുമായി പോലീസ്

യുവാക്കളെ ലക്ഷ്യം വച്ച് പുറത്തിറങ്ങിയ ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ ആത്മഹത്യാ ഗെയിം കേരളത്തിലുമെത്തി. ബ്ലൂ വെയില്‍ എന്ന വിവാദ ഗെയിം 2000ലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി പോലീസ് അറിയിച്ചു.

ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം പാലക്കാട് നിന്നുള്ള നാല് കുട്ടികള്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ കടല്‍ കാണാനായി പോയിരുന്നു. ഇത് ഗെയിമിന്റെ സ്വാധീനത്തിലാണെന്നാണ് സംശയിക്കപ്പെടുന്നത്.

രക്ഷിതാക്കള്‍ കുട്ടികളുടെ മൊബൈലുകള്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ ഈ ഗെയിം കളിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു.സംസ്ഥാനത്ത് ഗെയിം പ്രചരിക്കുന്ന വിവരം കണ്ടെത്തിയത് ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കുന്ന ഏജന്‍സികളാണ്. ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാന്‍ പോലീസ് ആവശ്യപ്പെട്ടു.

വീഡിയോ ഗെയിമാണ് കഥയിലെ വില്ലന്‍. ഗെയിം കളിക്കുന്നവരെ ആത്മഹത്യയിലേക്കെത്തിക്കുന്ന അപകടകാരിയായ ഒരു സൈക്കോളജിക്കല്‍ ഗെയിമാണ് ബ്ലൂ വെയില്‍. പ്ലേസ്‌റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ലഭ്യമല്ലാത്ത ഈ ഗെയിം. ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി.

നിശ്ചിത വെബ്‌സൈറ്റില്‍ പോയാല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. തുടക്കത്തില്‍ ആത്മഹത്യ, മരണം തുടങ്ങിയ ഒരു വിവരങ്ങളും ഇല്ലാതെയാണ് ഗെയിം ആരംഭിക്കുന്നത്.

തീര്‍ത്തും ആവേശം നിറയ്ക്കുന്ന ഒരു ഗെയിം മാത്രമായി തുടങ്ങുന്ന ഗെയിം പിന്നീട് മരണത്തിനെ സ്‌നേഹിക്കാന്‍ കളിക്കുന്നവരെ നിര്‍ബന്ധിക്കുന്നു. അമ്പത് ഘട്ടങ്ങളാണ് ഗെയിമിലുള്ളത്. ആദ്യ ഘട്ടങ്ങളില്‍ മുറിയില്‍ തനിച്ചിരുന്ന് ഹൊറര്‍ സിനിമകള്‍ കാണുന്ന ചിത്രം അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും, തുടര്‍ന്ന് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതിന്റെ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യണം.

ഒടുവില്‍ അമ്പതാം ദിവസം ഗെയി അഡ്മിന്റെ നിയന്ത്രണത്തിലായ യുവാക്കളോട് ജീവിതം അവസാനിപ്പിക്കുവാന്‍ ആവശ്യപ്പെടും. അപ്പോഴേയ്ക്കും അത് അവര്‍ അനുസരിക്കുന്ന അവസ്ഥയില്‍ അവര്‍ എത്തുന്നു എന്നതാണ് ഭീകരം. 15 ഉം 16 ഉം വയസുള്ള ലൂലിയ കൊന്‍സ്റ്റാന്‍ഡിനോവ, വെറോണിക വോള്‍ക്കാവ എന്നീ കുട്ടികള്‍ സാമൂഹികമാധ്യമത്തില്‍ വിവരം പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യ ചെയ്തതോടെയാണ് ഗെയിമിന്റെ ഭീകരമായ മുഖം ലോകം അറിയുന്നത്.

21 വയസുള്ള റഷ്യന്‍ യുവാവ് ഫിലിപ്പ് ബുഡീക്കിന്‍ ആണ് ഗെയിം രൂപകല്‍പന ചെയ്തതെന്നാണ് കണ്ടെത്തല്‍. ‘ ഞാന്‍ ചെയ്യുന്നത് സമൂഹത്തിന്റെ ശുദ്ധീകരണണമാണ്. ആത്മഹത്യ ചെയ്യുന്നവരെല്ലാം സമൂഹത്തിലെ ജൈവ മാലിന്യമാണ് (biological waste) അത് ശുദ്ധീകരിക്കട്ടെ..’ എന്നുമാണ് ഇയാള്‍ പറയുന്നത്. 2014ല്‍ ആണ് ഈ ഗെയിമിന് തുടക്കം കുറിച്ചതെന്നാണ് കരുതപ്പെടുന്നത്.

ഇതിനോടകം റഷ്യയില്‍ മാത്രം 130ലധികം ജീവനുകള്‍ ഗെയിം തട്ടിയെടുത്തതായും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പറഞ്ഞുകേട്ടും അറിയാതെയും ഗെയിമില്‍ എത്തിയവര്‍ മാത്രമല്ല സുഹൃത്തുക്കളോട് പന്തയം വെച്ച് ഗെയിം കളിച്ച യുവാക്കള്‍ പോലും അവസാനം ആത്മഹത്യ ചെയ്തു എന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.