400ല്‍ നിന്ന് 40 ആക്കിയിട്ടില്ല; ഇന്ത്യ വിന്യസിച്ചിരിക്കുന്ന സൈനികര്‍ അവിടെ തന്നെയുണ്ട്, ചൈനയുടെ വാദം തള്ളി ഇന്ത്യ
ദോക്‌ലാമിലെ ഇന്ത്യന്‍ സേനയുടെ എണ്ണം കുറച്ചെന്ന ചൈനയുടെ വാദം അടിസ്ഥാന രഹിതമെന്ന് ഇന്ത്യ. ജൂണ്‍ 18 ന് ഇന്ത്യ വിന്യസിച്ച അത്ര തന്നെ സൈനികര്‍ അതിര്‍ത്തിയിലുണ്ടെന്നും ഇന്ത്യ വിശദീകരിച്ചു.
അതിര്‍ത്തിയിലെ ദോക്‌ലാമില്‍ ജൂണില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്ന സൈനികരുടെ എണ്ണം 400 ല്‍ നിന്ന് ജൂലൈ ആയപ്പോള്‍ 40 ആയെന്ന ചൈനീസ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ 15 പേജ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ചൈന ബ്രിട്ടനുമായുണ്ടാക്കിയ 1890 ലെ ‘സിക്കിം ടിബറ്റ് അതിര്‍ത്തി നിര്‍ണയ ഉടമ്പടി’ പുനര്‍ നിര്‍ണയിക്കണമെന്ന ആശയവും ചൈന മുന്നോട്ട് വെച്ചിരുന്നു.
പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യ ഈ വാദം തള്ളുകയും അതിര്‍ത്തിയില്‍ നിന്ന് ചൈന സേനയെ പിന്‍വലിക്കാതെ സേനയെ പിന്‍വലിച്ചിക്കില്ലെന്നും വ്യക്തമാക്കി. നിലവില്‍ 350 ന് മേല്‍ ഇന്ത്യന്‍ സൈനികരെയാണ് കഴിഞ്ഞ ആറാഴ്ചയായി അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം നല്ല രീതിയിലാക്കേണ്ട അതേ പ്രാധാന്യം അതിര്‍ത്തിയില്‍ സമാധാനം പുന:സ്ഥാപിക്കുന്ന കാര്യത്തിലും രാജ്യത്തിനുണ്ടെന്ന് ഇന്ത്യ കൂട്ടിച്ചേര്‍ത്തു.