കെഎസ്ആര്‍ടിസിയുടെ പ്രതികാര നടപടി; പണിമുടക്കിയ ഉദ്യേഗസ്ഥരെ സ്ഥം മാറ്റി

കെ.എസ്.ആര്‍.ടി.സി. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. ഇന്നലത്തെ പണിമുടക്കില്‍ പങ്കെടുത്ത മുന്നൂറോളം ജീവനക്കാരെയാണ് ദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത്. 137 ഡ്രൈവര്‍മാരെ മാത്രം വിവിധ ഡിപ്പോകളില്‍ നിന്നായി സ്ഥലം മാറ്റി. കരുനാഗപ്പള്ളി,എറണാകുളം, തിരുവനന്തപുരം സിറ്റി, കൊട്ടാരക്കര ഡിപ്പോകളില്‍ നിന്നുള്ള ഡ്രൈവര്‍മാരെയാണ് സ്ഥലം മാറ്റിയത്.

കരുനാഗപ്പള്ളിയിലുള്ളവരെ കാസര്‍കോട്, പെരിന്തല്‍മണ്ണ, പൊന്നാനി, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കും എറണാകുളത്തു നിന്നുള്ളവരെ തിരുവനന്തപുരത്തേക്കും കൊട്ടാരക്കരയിലേക്കും സ്ഥലം മാറ്റി. തിരുവനന്തപുരം സിറ്റിയില്‍ നിന്നുള്ളവരെ തൃശ്ശൂര്‍,ചാലക്കുടി,കൊടുങ്ങല്ലൂര്‍ ഡിപ്പോകളിലേക്കും സ്ഥലം മാറ്റി.

15 ദിവസം മുമ്പ് നിയമപ്രകാരം നോട്ടീസ് നല്‍കിയാണ് പണിമുടക്ക്. അതിനാല്‍ തന്നെ പ്രതികാര നടപടിക്ക് മേലുദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്നാണ് ജീവനക്കാരുടെ സംഘടന പറയുന്നത്.

എന്നാല്‍ നോട്ടീസ് നല്‍കിയതു കൊണ്ടു മാത്രം അത് പണിമുടക്കാനുള്ള അവകാശമാവില്ലെന്നും പണിമുടക്ക് മൂലം കോര്‍പ്പറേഷനും ജനങ്ങള്‍ക്കും വലിയ നഷ്ടം സംഭവിച്ചുവെന്നുമാണ് കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റിന്റെ ന്യായീകരണം.