മദനിയുടെ ജാമ്യം: കര്‍ണ്ണാടകയ്ക്കും കേരളത്തിനും സുപ്രീംകോടതിയുടെ വിമര്‍ശനം
സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടും നാട്ടില്‍ പോകാന്‍ അബ്ദുള്‍ നാസര്‍ മദനിയോട് വന്‍തുക കെട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട കര്‍ണാടകയുടെ നിലപാട് പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി. മദനിക്ക് സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന കേരളത്തിന്റെ വാദത്തിനേയും സുപ്രീംകോടതി തള്ളി.
ജാമ്യം അനുവദിക്കണമെങ്കില്‍ മദനിയുടെ സുരക്ഷ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ യാത്രാച്ചെലവ്, താമസം, ഭക്ഷണം എന്നിവയ്ക്കായി 14,79,875 രൂപ കെട്ടിവയ്ക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ നിലപാടാണ് സുപ്രീംകോടതിയുടെ വിമര്‍ശത്തിന് ഇടയാക്കിയത്.
ന്യായമായ തുക മാത്രമേ മദനിയില്‍ നിന്ന് ഈടാക്കാവൂ എന്ന് നിര്‍ദേശിച്ച സുപ്രീംകോടതി ഇത്രയും ഭീമമായ തുക എങ്ങനെയാണ് സുരക്ഷയ്ക്കായി ചെലവാക്കുന്നതെന്ന് വ്യക്തമാക്കാന്‍ കര്‍ണാടകയുടെ അഭിഭാഷകനോട് ആവശ്യപ്പെടുകയും ചെയ്തു.
അസി. കമ്മീഷണറടക്കം 19 സുരക്ഷാ ഉദ്യോഗസ്ഥരാണ് മദനിക്ക് സുരക്ഷയൊരുക്കുന്നതെന്നും അസി.കമ്മീഷണര്‍ക്ക് മാത്രം പ്രതിദിനം 8000 രൂപ വച്ച് നല്‍കേണ്ടി വരുമെന്നും അഭിഭാഷകന്‍ വിശദീകരിച്ചു.
എന്നാല്‍ എന്തിനാണ് ഒരു ഉദ്യോഗസ്ഥന് ഇത്രയും തുക നല്‍കുന്നതെന്നും ടി.എയും ഡി.എയും അല്ലാതെ വേറെ തുകയൊന്നും ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു. നേരത്തെ മകളുടെ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ മദനിയില്‍ നിന്ന് കുറഞ്ഞ തുകയാണ് കര്‍ണാടക സര്‍ക്കാര്‍ ഈടാക്കിയതെന്നും പിന്നെയെങ്ങനെയാണ് ഇപ്പോള്‍ ഇത്ര ഉയര്‍ന്ന തുക ആവശ്യപ്പെടുന്നതെന്നും സുപ്രീംകോടതി കര്‍ണാടക അഭിഭാഷകനോട് ആരാഞ്ഞു.
സുപ്രീംകോടതിയുടെ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ വേണ്ട ഗൗരവത്തോടെയല്ല കൈകാര്യം ചെയ്തതെന്ന് നിരീക്ഷിച്ച കോടതി പുതുക്കിയ സുരക്ഷ ചെലവിന്റെ വിവരങ്ങള്‍ നാളെ തന്നെ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.
അതേസമയം മഅദനിയുടെ സുരക്ഷ ഏറ്റെടുക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം കോടതി തള്ളി. കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയുടെ കാര്യത്തില്‍ കേരള പോലീസ് ഇടപടേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
ഒരാളെ ഏത് സ്ഥാനമാണോ കസ്റ്റഡിയില്‍ വച്ചത്, ആ വ്യക്തിയുടെ സംരക്ഷണ ചുമതല ആ സംസ്ഥാനമാണ് വഹിക്കേണ്ടത് അതില്‍ മറ്റൊരു സംസ്ഥാനം ഇടപെടേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.