നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റ് ചെയ്യാനും സാധ്യത, തെളിവ് നശിപ്പിച്ചതിനും പങ്കുണ്ടെന്ന് പോലീസ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സിനിമാ താരം നാദിര്‍ഷായെ വീണ്ടും പോലീസ് ചോദ്യം ചെയ്യും. തെളിവ് നശിപ്പിച്ചതിലടക്കം നാദിര്‍ഷായ്ക്ക് പങ്കുണ്ടെന്ന കണക്കുകൂട്ടലിലാണ് പോലീസ്. നേരത്തെ നാദിര്‍ഷായെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരന് ജിന്സണ് കോടതിയില്‍ നല്കിയ മൊഴിയിലും നാദിര്‍ഷായെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. മൂന്നുദിവസം തുടര്‍ച്ചയായി പള്‍സര്‍ സുനി സംവിധായകന് നാദിര്‍ഷായെയും നടന് ദിലീപിന്റെ മാനെജരായ അപ്പുണ്ണിയെയും വിളിച്ചെന്നാണ് ജിന്‍സന്റെ മൊഴി.
നടി കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ സുനി എന്തോ കൊടുത്തുവെന്ന് ഫോണില്‍ പറയുന്നത് കേട്ടുവെന്നും ജിന്‍സന്റെ മൊഴിയിലുണ്ടായിരുന്നു. ദിലീപിനും നാദിര്‍ഷായ്ക്കും തന്നെ തളളിപ്പറയാന്‍ സാധിക്കില്ലെന്ന് സുനി പറഞ്ഞെന്നും രഹസ്യമൊഴിയിലുണ്ട്.
ദിലീപ്, നാദിര്‍ഷാ എന്നിവരുമായി മറ്റ് പല ഇടപാടുകളുമുണ്ടെന്ന് സുനി പറഞ്ഞിട്ടുണ്ട്. കേസില്‍ നാദിര്‍ഷാ, അപ്പുണ്ണി എന്നിവര്‍ക്ക് പങ്കുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും ജിന്സണ് പറഞ്ഞിരുന്നു.
നാദിര്‍ഷായുമായി പള്‍സര്‍ സുനി പ്രതിഫലത്തിന്റെ കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ തര്‍ക്കമുളളതായി തോന്നിയില്ലെന്നും മൊഴിയിലുണ്ട്.