കേരളത്തില്‍ രാഷ്ട്രപതിഭരണം സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് കോടിയേരി; സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ തൃശൂരില്‍
സി.പി.എമ്മിനെക്കുറിച്ചും കേരളത്തെക്കുറിച്ച് ബി.ജെ.പി. തെറ്റായ ചിത്രം പ്രചരിപ്പിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ രാഷ്ട്രപതിഭരണം നടപ്പാക്കുകയെന്നത് സ്വപ്നം മാത്രമായി അവശേഷിക്കുമെന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെ അക്രമസംഭവങ്ങള്‍ക്ക് പുറകില്‍ ആര്‍.എസ്.എസാണ്. ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ആര്‍.എസ്.എസ്. നടത്തുന്നത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരു കോണ്‍ഗ്രസുകാരനെയടക്കം പതിമൂന്ന് പേരെയാണ് അവര്‍ കൊലപ്പെടുത്തിയത്.
250ലധികം സി.പി.എം. പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ്. ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയിലാണ്. ആര്‍.എസ്.എസിന് പല സ്വപ്നങ്ങളുമുണ്ടാകാമെന്നും അതിലൊന്ന് മാത്രമാണ് കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടു വരിക എന്നതെന്നും കോടിയേരി പരിഹസിച്ചു. ഒ. രാജഗോപാലിനോട് വിരോധമുള്ളവരാണ് നിയമസഭ പിരിച്ചു വിടണമെന്ന് പറയുന്നത്. ഓലപ്പാമ്പ് കാട്ടി സി.പി.എമ്മിനെ പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും കോടിയേരി പറഞ്ഞു.
കൊലപാതകങ്ങളുടെ എണ്ണം നോക്കിയാണ് സര്‍ക്കാരിനെ പിരിച്ചു വിടുന്നതെങ്കില്‍ ആദ്യം പിരിച്ചു വിടേണ്ടത് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നല്ല ബന്ധമാണുള്ളത് എന്നാല്‍ അത് തകര്‍ക്കണമെന്ന് ബിജെപി നേതാക്കള്‍ ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ കണ്ടതില്‍ എന്തെങ്കിലും അപാകതയുള്ളതായി സിപിഎം കരുതുന്നില്ല. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ ഭഗതുമായി ചര്‍ച്ച നടത്തുവാനുള്ള സീതാറാം യെച്ചൂരിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എം. സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബറില്‍ ആരംഭിക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി പറഞ്ഞു. സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് സംസ്ഥാന സമ്മേളനത്തെ കുറിച്ചുള്ള പ്രഖ്യാപനം.