മരണം റജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധം; ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി
ഇനി മുതല്‍ മരണം റജിസ്റ്റര്‍ ചെയ്യാനും മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. പരിഷ്‌കാരം ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പിലാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം. ജമ്മു കശ്മീര്‍, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെയുള്ള എല്ലാവര്‍ക്കും ഈ തീരുമാനം ബാധകമാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള റജിസ്ട്രാര്‍ ജനറലിന്റെ ഓഫിസാണ് പുതിയ പരിഷ്‌കാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാനങ്ങളെ അറിയിച്ചത്. മരിച്ചയാളെക്കുറിച്ച് ബന്ധുക്കള്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യവും സത്യവുമാണെന്ന് ഉറപ്പാക്കാനാണ് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി. മരിച്ച വ്യക്തികളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ പുതിയ നീക്കം സഹായിക്കുമെന്നുമാണ് സര്‍ക്കാര്‍ കരുതുന്നത്.
മുന്‍പ് മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ മരിച്ചയാളുമായി ബന്ധപ്പെട്ട നിരവധി തിരിച്ചറിയില്‍ രേഖകള്‍ ഹാജരാക്കേണ്ടിയിരുന്നു. പുതിയ നടപടിയോടെ ഇത് ഇല്ലാതാകുമെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നു. മരിച്ച വ്യക്തികളുടെ പേരില്‍ നിരവധി തട്ടിപ്പുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.