കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി; യാത്രക്കാര്‍ സുരക്ഷിതര്‍, റണ്‍വേയിലെ ആറ് ലൈറ്റുകള്‍ തകര്‍ന്നു

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ബംഗലൂരു കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

60 യാത്രികരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം തെന്നിമാറിയതിനെ തുടര്‍ന്ന് റണ്‍വേയിലെ ആറ് ലൈറ്റുകള്‍ തകര്‍ന്നു. ഇതേ തുടര്‍ന്ന് റണ്‍വെ മുക്കാല്‍ മണിക്കൂര്‍ അടച്ചിട്ടു. ഒഴിവായത് വന്‍ ദുരന്തമാണ്.

രാവിലെ എട്ട് മണിക്കാണ് ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ റണ്‍വേയില്‍ നിന്ന് വിമാനം പുറത്തേക്ക് നീങ്ങിയത്. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണ് വിമാനം നീങ്ങിയത്. പൈലറ്റുമാര്‍ക്ക് തിരിച്ചറിയാനായി റണ്‍വേയില്‍ സ്ഥാപിക്കുന്ന ലൈറ്റുകളില്‍ ആറെണ്ണം അപകടത്തില്‍ തകര്‍ന്നു. അപകടസാധ്യത അറിഞ്ഞതോടെ വിമാനത്താവളത്തിലെ അഗ്‌നിശമന സേനാ യൂണിറ്റ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി.

വിമാനത്താവള അധികൃതരുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് അപകടം ഇല്ലാതെ വിമാനം സുരക്ഷിതമായി പാര്‍ക്ക് ചെയ്തു. വിമാനത്താവള അധികൃതര്‍ പൈലറ്റിനോടു പ്രാഥമികമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

മധ്യഭാഗത്ത് ലാന്‍ഡ് ചെയ്യേണ്ടതിന് പകരം ഇടതു വശത്താണ് സ്‌പൈസ് ജെറ്റ് വിമാനം ഇറങ്ങിയത്. വിമാനത്തിന് കേടുപാടുകളില്ല. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടക്കും.