ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കോടിയേരി; ഭരണഘടനാവിരുദ്ധമായി ഭരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ലെന്നും ലേഖനം

തിരുവനന്തപുരത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണം നല്‍കുന്നതിനായി മുഖ്യമന്ത്രിയെ വിളിപ്പിച്ച വിവരം ട്വീറ്റ് ചെയ്ത ഗവര്‍ണര്‍ണര്‍ക്കെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കോടിയേരി പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

സംസ്ഥാന ഭരണത്തില്‍ തലയിട്ട് ഭരണഘടനാവിരുദ്ധമായി ഭരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല. ഈ വിഷയത്തില്‍ ഉപദേശകന്റെ റോള്‍ മാത്രമാണ് ഗവര്‍ണര്‍ക്കുള്ളത്. തിരുവനന്തപുരത്ത് സമാധാനം ഉറപ്പാക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിക്കുകയും മുഖ്യമന്ത്രി രാജ്ഭവനില്‍ എത്താതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അത് സൃഷ്ടിക്കുന്ന വിവാദം ചെറുതാകില്ലായിരുന്നു.

കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ രാജ്ഭവനില്‍ ‘സമണ്‍’ ചെയ്‌തെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത് ജനാധിപത്യ വ്യവസ്ഥയെയും ഫെഡറല്‍ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്ന സമീപനമായിപ്പോയി കോടിയേരി പറയുന്നു. അത്തരമൊരു ട്വിറ്റര്‍ സന്ദേശം ഗവര്‍ണര്‍ ഒഴിവാക്കേണ്ടതായിരുന്നു. കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണ്.

ബി.ജെ.പിയും ആര്‍.എസ്.എസും സി.പി.എമ്മിനെതിരെ അക്രമം തുടങ്ങിയിട്ട് നിരവധി പതിറ്റാണ്ടുകളായി. അതുകൊണ്ടാണ് കേരളത്തില്‍ പലപ്പോഴും സംഘര്‍ഷം ഉണ്ടാകുന്നത്. സി.പി.എമ്മിനെയും ആര്‍.എസ്.എസിനെയും ഒരു നാണയത്തിന്റെ രണ്ടു വശമായി ചിത്രീകരിച്ച് അക്രമകാരികളും വിനാശകാരികളുമായ സംഘപരിവാറിനെ വെള്ളപൂശുന്നത് കൊടിയ പാതകമാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

തിരുവനന്തപുരത്തെ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനില്‍ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു. ഇപ്രകാരം വിളിച്ചുവരുത്തിയതും, വിളിച്ചപ്പോള്‍ മുഖ്യമന്ത്രി പോയതും നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.