കോഴിക്കോട് രണ്ടാം വിമാനത്താവളം; സാധ്യതാ പഠനത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം, തിരുവമ്പാടിയില്‍ വിമാനമിറങ്ങുമോ ?..

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ വിമാനത്താവളം സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തുവാന്‍ സര്‍ക്കാര്‍ നിര്‍ദേശം. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കുമാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വിമാനത്താവളം സ്ഥാപിക്കുന്നതിനായി മലബാര്‍ ഡെപലപ്‌മെന്റ് കൗണ്‍സില്‍ സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ചാണ് ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം എന്നിവയെക്കൂടാതെ കേരളത്തിലെ മൂന്നാമത്തെ വിമാനത്താവളമാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം.

എന്നാല്‍ റണ്‍വേയുടെ വലിപ്പക്കുറവും അറ്റകുറ്റപ്പണികളും കാരണം ഇവിടെ ഇപ്പോള്‍ വലിയ വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗ് നടത്താന്‍ സാധിക്കാത്ത പ്രശ്‌നമുണ്ട്.
ഈ സാഹചര്യത്തിലാണ് പുതിയൊരു വിമാനത്താവളം കോഴിക്കോട് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ സജീവമായത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ വിമാനത്താവളത്തിനായി ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇപ്പോഴാണ് സര്‍ക്കാര്‍ തലത്തില്‍ ഇതിനായുള്ള നടപടികള്‍ തുടങ്ങിത്.

രണ്ടായിരത്തിലേറെ ഏക്കര്‍ വിസ്തൃതിയുള്ള തിരുവമ്പാടി റബ്ബര്‍ എസ്റ്റേറ്റിലാണ് പുതിയ വിമാനത്താവളം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. മുക്കം മുന്‍സിപ്പാലിറ്റിയിലും തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലുമായാണ് വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം സ്ഥിതി ചെയ്യുന്നത്.
ഈ പ്രദേശത്ത് മനുഷ്യവാസമില്ലാത്തതിനാല്‍ സ്ഥലമേറ്റെടുക്കേണ്ട ആവശ്യമില്ലെന്നതാണ് വിമാനത്താവളത്തിനായി വാദിക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാനകാര്യം.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് പ്രധാനതടസ്സം സ്ഥലമേറ്റെടുക്കുന്നതിനുളള ഭാരിച്ച ചിലവും ഇതിനോടുളള പ്രദേശവാസികളുടെ എതിര്‍പ്പുമാണ്.

കരിപ്പൂരില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ കണ്ണൂരില്‍ പുതിയ വിമാനത്താവളത്തിന്റെ ജോലികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാവുകയാണ്. അടുത്ത വര്‍ഷം അവസാനത്തോടെ കണ്ണൂര്‍ വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നാണ് കരുതുന്നത്. ഇതിനിടയിലാണ് കോഴിക്കോടിന്റെ മലയോരമേഖലയില്‍ പുതിയൊരു വിമാനത്താവളത്തിനായി നീക്കമാരംഭിച്ചത്.