ഡ്രൈവിങ്ങിനിടെ സന്ദേശം അയയ്ക്കല്‍ നിരോധനം: നിയമം അടുത്ത മാസം മുതല്‍

പി. പി. ചെറിയാന്‍

ഓസ്റ്റിന്‍: ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ്ങ് നിരോധിക്കുന്ന നിയമം സെപ്റ്റംബര്‍ ഒന്നു മുതല്‍ ടെക്സസില്‍ നടപ്പാക്കും. ജൂണ്‍ 6 ന് നിയമം നിലവില്‍ വന്നുവെങ്കിലും സെപ്റ്റംബര്‍ ഒന്നു മുതലാണ് കര്‍ശനമായി നടപ്പാക്കുക എന്ന് അധികൃതര്‍ അറിയിച്ചു. ഈ നിയമം പൂര്‍ണ്ണമായി നടപ്പാക്കുന്ന 47-ാം സംസ്ഥാനമാണ് ടെക്സസ്. ആദ്യമായി പിടിക്കപ്പെടുന്നവരില്‍ നിന്നും 25 ഡോളര്‍ മുതല്‍ 99 വരെ ഡോളര്‍ പിഴയായി ഈടാക്കും. തുടര്‍ന്ന് ഈ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ തുക 200 വരെ അടയ്ക്കേണ്ടി വരും.

അശ്രദ്ധമായി ടെക്സ്റ്റിംഗ് നടത്തി വാഹനം ഓടിച്ചു അപകടമുണ്ടാക്കിയവരില്‍ നിന്നും 4000 ഡോളര്‍ വരെ പിഴ ഈടാക്കുന്നതിനും, ഒരു വര്‍ഷം ജയില്‍ ശിക്ഷ നല്‍കുന്നതിനുള്ള വകുപ്പുകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പല ടെക്സസ് സിറ്റികളിലും നിയമം നേരത്തെ തന്നെ നിലവില്‍ ഉണ്ടെങ്കിലും സംസ്ഥാന വ്യാപകമായി നടപ്പില്‍ വരുന്നത് സെപ്റ്റംബര്‍ 1 മുതലാണ്.

വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്കു ഒരു പ്രധാന കാരണം ടെക്സ്റ്റിംങ് മൂലം ്രൈഡവറന്മാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നു എന്നതാണെന്ന് മോട്ടോര്‍ വെഹിക്കിള്‍സ് അധികൃതര്‍ പറയുന്നു.