അന്വേഷണം അവസാന ഘട്ടത്തില്‍; ദിലീപ് കുരുങ്ങുമോ? കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ചേയ്ക്കും

കൊച്ചിയില്‍ നടിയ അക്രമിച്ച കേസില്‍ വൈകാതെ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേയ്ക്ക് കടന്നതായാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ദിലീപിനെതിരായ ഗൂഢാലോചന കേസില്‍ തെളിവുശേഖരണം ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തിലാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കുന്നത്.

എന്നാല്‍ രണ്ടു കുറ്റപത്രങ്ങളില്‍ ഒരുമിച്ച് വിചാരണ നടത്താനാണ് പോലീസ് നീക്കം. ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. ദിലീപ് അടുത്ത ദിവസം ജാമ്യാപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം കേസില്‍ രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്‌തേക്കുമെന്നും അന്വേഷണ സംഘം സൂചന നല്‍കുന്നുണ്ട്. ഗൂഢാലോചന കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പള്‍സര്‍ സുനിയുടെ അഭിഭാഷകരെയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സിനിമാ രംഗത്തുനിന്നുള്ളവരെ കൂടാതെ ദിലീപിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

കേസിലെ നിര്‍ണായക തൊണ്ടിമുതലായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല എന്നതാണ് അന്വേഷണത്തില്‍ പോലീസ് നേരിടുന്ന വലിയ വെല്ലുവിളി. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായാണ് സുനിയുടെ അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ നല്‍കിയ മൊഴി. എന്നാല്‍ മൊബൈല്‍ ഫോണില്‍ നിന്ന് സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായും ഇതില്‍ ചിലത് പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്.

സാഹചര്യത്തെളിവുകള്‍ ശേഖരിക്കുന്നതിന് കുറച്ചു പേരുടെകൂടി മൊഴി രേഖപ്പെടുത്തക എന്നതാണ് ഇനി ബാക്കിയുള്ള നടപടി. നാദിര്‍ഷ അടക്കമുള്ളവരില്‍നിന്ന് വീണ്ടും മൊഴിയെടുത്തേക്കുമെന്നാണ് അറിയുന്നത്. കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകള്‍ നേരത്തെ തന്നെ പോലീസ് ശേഖരിച്ചിരുന്നു. ദിലീപിന്റെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം സര്‍ട്ടിഫൈഡ് കോപ്പിയായി ലഭിക്കുക എന്നതാണ് ഇനി ബാക്കിയുള്ളത്.

അതേസമയം, ഗൂഢാലോചനയില്‍ സ്ത്രീ ഉള്‍പ്പെട്ടതായുള്ള സുനിയുടെ മൊഴി തെറ്റാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇങ്ങനെയൊരു സ്ത്രീ ഇല്ലെന്നും കേസ് വഴിതിരിച്ചുവിടാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

അതുപോലെ, കേസില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുനി ഇടയ്ക്കിടെ മാധ്യമങ്ങളോട് പറയുന്നതും കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കാനാണെന്ന് പോലീസ് കരുതുന്നു.

തിങ്കളാഴ്ച ജാമ്യഹര്‍ജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പോലീസിനു മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്ന ആവശ്യമായിരിക്കും ദിലീപ് കോടതിയില്‍ ഉന്നയിക്കുക. അഡ്വ. രാംകുമാറിനു പകരം അഡ്വ. ബി രാമന്‍പിള്ളയാണ് ദിലീപിനുവേണ്ടി ഹാജരാകുക.

അപ്പുണ്ണി അടക്കം ദിലീപിന്റെ അടുപ്പക്കാരായ ചിലരെക്കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ലെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് നേരത്തെ കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. എന്നാല്‍ അപ്പുണ്ണി ഹാജരാകുകയും മറ്റുള്ളവരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തതോടെ ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്.

നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ദലീപിന് ജാമ്യം ലഭിക്കാതിരിക്കുന്നതിന് പ്രോസിക്യൂഷന്‍ ശക്തമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചിരുന്നത്.

മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച കേസ് ഡയറിയായിരുന്നു പ്രോസിക്യൂഷന്റെ വാദത്തെ ബലപ്പെടുത്തിയത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ എന്തു തെളിവുകള്‍ ഹാജരാക്കുമെന്നതും എന്തു നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകമാവും.