ഇടക്കിടെ പേടിച്ച് പനിവരുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി; മദ്ധബുദ്ധികളായ ചില ഉപദേശികള്‍ കേരളം കുട്ടിച്ചോറാക്കുമെന്നും രാജു
ഇടക്കിടെ പേടിച്ച് പനിവരുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സി.പി.ഐ. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിന്റെ രൂക്ഷ വിമര്‍ശം. മദ്ധബുദ്ധികളായ ചില ഉപദേശികള്‍ അദ്ദേഹത്തിനൊപ്പമുണ്ട് അവരുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ കേരളം കുട്ടിച്ചോറാക്കുമെന്നും രാജു പറഞ്ഞു.
എറണാകുളത്ത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ പി.രാജുവിന്റെ രൂക്ഷവിമര്‍ശനമുണ്ടായത്.
തിരുവനന്തപുരത്ത് സംഘര്‍ഷങ്ങളുണ്ടായപ്പോള്‍ ഗവര്‍ണറെ കണ്ട മുഖ്യമന്ത്രിയുടെ നടപടിയേയും രാജു പരിഹസിച്ചു. എന്നെ കാണണം എന്ന് ഗവര്‍ണര്‍ ഒരു തമ്പുരാനെ പോലെ പറയുമ്പോള്‍ കാണാന്‍ പറ്റില്ലെന്ന് ആര്‍ജവത്തോടെ പറയുവാന്‍ മുഖ്യമന്ത്രിക്ക് സാധിക്കണമായിരുന്നുവെന്ന് രാജു കുറ്റപ്പെടുത്തി.
താന്‍ പോയി കുമ്മനത്തെ കാണണം, താന്‍ പോയി ആര്‍.എസ്.എസ്. നേതാക്കളെ കാണണം എന്നെല്ലാം ഗവര്‍ണര്‍ ആജ്ഞാപിക്കുമ്പോള്‍… പോയി പണി നോക്ക് എന്നായിരുന്നു പിണറായി പറയേണ്ടിയിരുന്നതെന്നും രാജു പറഞ്ഞു.
മുഖ്യമന്ത്രിയെ വിമര്‍ശിച്ച പി. രാജുവിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചു വരുത്തിയ വിഷയത്തിലും മാധ്യമപ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ വിഷയത്തിലും സി.പി.എമ്മിനെതിരെ സി.പി.ഐ. സംസ്ഥാന നേതൃത്വം രംഗത്തു വന്ന സാഹചര്യത്തിലാണ് രാജുവിന്റെ വിമര്‍ശനം വന്നിരിക്കുന്നത്.