കടലാടിപ്പാറയില്‍ ഖനനീക്കം; ഉപരോധം തീര്‍ത്ത് നാട്ടുകാര്‍, കളക്ടറും സംഘവും മടങ്ങി

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ വീണ്ടും ഖനനാനീക്കം ആരംഭിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ തെളിവെടുപ്പിനെത്തിയ ഉദ്യോഗസ്ഥരെ ഉപരോധിച്ച ജനങ്ങള്‍ റോഡും ഉപരോധിച്ചു. ഇതിനെ തുടര്‍ന്ന് തെളിവെടുപ്പ് മാറ്റിവെക്കുകയും കളക്ടറും ഉദ്യോഗസ്ഥരും മടങ്ങി പോകുകയും ചെയ്തു.

കോടതി ഉത്തരവ് നടപ്പാക്കാനാണ് എത്തിയത് എന്നാല്‍ ജനകീയ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു പറഞ്ഞു. ക്രമസമാധാനം തകര്‍ത്തുകൊണ്ടു തെളിവെടുപ്പുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖനനാനുമതി നേടിയ മുംബൈയിലെ ആശാപുര കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കടലാടിപ്പാറയില്‍ പരിസ്ഥിതിയാഘാത പഠനത്തിന്റെ ഭാഗമായി പൊതുതെളിവെടുപ്പിന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതേ തുടര്‍ന്നാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ തെളിവെടുപ്പ് സംഘടിപ്പിച്ചത്.

കിനാനൂര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 198ല്‍ ഉള്‍പ്പെട്ട 200 ഏക്കര്‍ സ്ഥലം 2007ലാണ് അന്നത്തെ ഇടതുസര്‍ക്കാര്‍ ആശാപുര കമ്പനിക്ക് ബോക്‌സൈറ്റ് ഖനനം നടത്തുന്നതിന് അനുവദിച്ചത്. എന്നാല്‍, കടലാടിപ്പാറ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നടത്തിയ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് 10 വര്‍ഷം കഴിഞ്ഞിട്ടും കമ്പനിക്ക് കടലാടിപ്പാറയില്‍ പ്രവേശിക്കാന്‍പോലും കഴിഞ്ഞില്ല. ഉന്നത ഉദ്യോഗസ്ഥ സംഘത്തിന്റെ നേതൃത്വത്തില്‍ ഒരുതവണ പരിസ്ഥിന്നുവെങ്കിലും നാട്ടുകാര്‍ തടഞ്ഞിരുന്നു.

തുടര്‍ന്ന് പലവട്ടം കമ്പനി ശ്രമംനടത്തിയെങ്കിലും നടന്നില്ല. അതിനിടയില്‍ വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോഴാണ് ഖനനാനുമതി നിര്‍ത്തലാക്കിയത്. തുടര്‍ന്ന് കടലാടിപ്പാറയില്‍ സൗരോര്‍ജപദ്ധതിക്കായുള്ള സര്‍വേ നടത്തുകയും അതിര്‍ത്തിനിര്‍ണയിച്ച് വേലി സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പഞ്ചായത്തിനോട് അനുമതിപോലും വാങ്ങാതെയുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ പഞ്ചായത്തുതന്നെ രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് ആശാപുര കമ്പനിക്ക് അനുകൂലമായ കോടതി ഉത്തരവുണ്ടായത്. കടലാടിപ്പാറയില്‍ ഖനനാനുമതി നിര്‍ത്തലാക്കിയിരുന്നെങ്കിലും അനുമതി റദ്ദാക്കിയ ഉത്തരവ് സര്‍ക്കാര്‍ നല്‍കിയിട്ടില്ല.