സന്നദ്ധ സംഘടനകള്‍ നാടിന്റെ പ്രകാശ ഗോപുരം: അഡ്വ. എം. ജയമോഹന്‍

എടത്വ: സന്നദ്ധ സംഘടനകള്‍ നാടിന്റെ പ്രകാശ ഗോപുരമാണെന്നും നാടിന്റെ സമഗ്ര വികസനത്തിനായി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഒറ്റക്കെട്ടായി അണിചേരണമെന്നും ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. ജയമോഹന്‍ പ്രസ്താവിച്ചു.

പെന്‍ഷനേഴ്‌സ് യൂണിയന്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം, വ്യാപാരി വ്യവസായി ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി മേഖലകളിലെ പ്രതിനിധികള്‍ പങ്കെടുത്ത എടത്വ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ എടത്വ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ബഹുജന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എടത്വ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ബഹുജന കണ്‍വന്‍ഷന്‍ ജനപങ്കാളിത്വം കൊണ്ട ഏറെ് ശ്രദ്ധേയമായി.

എടത്വ സബ് ട്രഷറി കെട്ടിട നിര്‍മ്മാണ പ്രതിസന്ധി, ടൗണിലെ നിരന്തര വൈദ്യുതി മുടക്കവും കെഎസ്ഇബി ഹൈടെന്‍ഷന്‍ എബിസി ലൈന്‍ പദ്ധതിയും, റോഡ് നവീകരണ നിര്‍മ്മാണവും കുടിവെള്ള പൈപ്പിടീല്‍ ഏകോപന കുറവും, ഗവ. ആശുപത്രിയുടെ പോരായ്മകള്‍, കെഎസ്ആര്‍റ്റിസി ഡിപ്പോയും ബസ്സ് യാത്രാക്ലേശവും, പാരേത്തോട്-വട്ടടി റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥ എന്നീ വിഷയങ്ങള്‍ കണ്‍വന്‍ഷനില്‍ ചര്‍ച്ച ചെയ്തു.

എടത്വ വികസന സമിതി പ്രസിഡന്റ് പി.കെ. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഡോ .ജോണ്‍സണ്‍ വി.ഇടിക്കുള വികസന രേഖ സമര്‍പ്പിച്ചു.

നെഹ്‌റു ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രവാസി ക്യാപ്റ്റനും ഷോട്ട് പുളിക്കത്ര കളി വള്ളം ഉടമയും ആയ ആദം ജോര്‍ജ് പുളിക്കത്രയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഒപ്പു ശേഖരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം മോന്‍സി സോണി, സമിതി ജനറല്‍ സെക്രട്ടറി ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം, കുഞ്ഞുമോന്‍ പട്ടത്താനം, ടെഡി സഖറിയ, ജോജി കരിക്കംപള്ളി, പി.കെ.ഗോപിനാഥ്, പി.വി.നാരായണ മേനോന്‍, ടോം ജെ. കൂട്ടക്കര, അജി കോശി, എ.ജെ കുഞ്ഞുമോന്‍, പി.കെ. അജി കുമാര്‍, എസ് സനില്‍കുമാര്‍, ടി.ടി.ജോര്‍ജ് തോട്ടുകടവില്‍, എം.ജെ ജോര്‍ജ്, ജോണ്‍സണ്‍ എം ‘പോള്‍, അഡ്വ.വിനോദ് വര്‍ഗ്ഗീസ്, ജോര്‍ജ് ചുമ്മാര്‍ മാലിയില്‍, ജിനോ മണക്കളം, കെ.പി.തമ്പി എന്നിവര്‍ പ്രസംഗിച്ചു.

ജെസിഐ എടത്വാ ചാപ്റ്റര്‍ പ്രസിഡന്റ് ജോസുകുട്ടി സെബാസ്റ്റ്യന്‍ മോഡറേറ്ററായിരുന്നു.

നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളിലേക്ക് സമര്‍പ്പിക്കാന്‍ ഉള്ള നിവേദനം ഐക്യകണ്‌ഠേന പാസ്സാക്കി.