ശത്രുരാജ്യങ്ങളേക്കാള്‍ ക്രൂരമായാണ് രാഷ്ട്രീയ എതിരാളികള്‍ പെരുമാറുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ശത്രുരാജ്യങ്ങളേക്കാള്‍ ക്രൂരമായാണ് രാഷ്ട്രീയ എതിരാളികള്‍ പെരുമാറുന്നതെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി. ശ്രീകാര്യത്ത് ബി.ജെ.പി. പ്രവര്‍ത്തകന്‍ രാജേഷിന്റെ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അക്രമങ്ങള്‍ക്ക് വിധേയരായ പാര്‍ട്ടി പ്രവര്‍ത്തകരെ കാണുക എന്ന ഉദ്ദേശത്തോടെയാണ് ഇവിടെ എത്തിച്ചേര്‍ന്നത്. സി.പി.എം. അക്രമണത്തില്‍ കൊല്ലപ്പെട്ട രാജേഷിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ കാണുകയും ചെയ്തു. ക്രൂരത എല്ലാ അതിര്‍ത്തികളെയും ലംഘിച്ചിരിക്കുകയാണ്.
രാഷ്ട്രീയ ആദര്‍ശത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്ന തെറ്റ് മാത്രമാണ് രാജേഷ് ചെയ്തത്. ആര്‍ക്കെതിരായി ഒരു വിധത്തിലും പ്രവര്‍ത്തിക്കാതെയാണ് രാജേഷ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ ശത്രുത, രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയേക്കാള്‍ ക്രൂരമായി മാറുന്ന സാഹചര്യമാണിത്.                 അരുണ്‍ ജെയ്റ്റ്‌ലി

രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുന്നവരെ ശാരീരികമായി ഉന്‍മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്നത്. അക്രമങ്ങള്‍ നടക്കുമ്പോള്‍ അത്തരം സംഭവങ്ങള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ബി.ജെ.പിയുടെ എല്ലാ സംവിധാനങ്ങളും കേരളത്തിലെ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച അദ്ദേഹം കുടുംബാംഗങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തി. വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആര്‍.എസ്സ്.എസ്സ് കേന്ദ്രനേതൃത്വം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. നാല് മണിക്ക് മാധ്യമങ്ങളെ കണ്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങുക.