രാഷ്ട്രീയ സങ്കര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജയ്റ്റിലി കേരളത്തില്‍; സന്ദര്‍ശനം കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ബിജെപി ആശ്യത്തിന്റെ പിന്നാലെ

കേരളത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്തെത്തും. ഇടതു സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി സംസ്ഥാനത്തെത്തുമ്പോള്‍ മറുപടിയായി രാജ് ഭവനു മുന്നില്‍ സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ സത്യഗ്രഹം നടത്തും.

ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്സ്.എസ്സ്. പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശനമാണ് ജെയ്റ്റ്‌ലിയുടെ പ്രധാന പരിപാടികളിലൊന്ന്. എന്നാല്‍ കേന്ദ്രമന്ത്രി തങ്ങളേയും സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ടാണ് ആര്‍.എസ്.എസ്. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ രാജ്ഭവനു മുന്നില്‍ സത്യഗ്രഹം നടത്തുന്നത്.

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമങ്ങളുണ്ടാകുന്നുവെന്ന് ബി.ജെ.പി. രാജ്യവാപകമായി പ്രചരണം നടത്തവെയാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരുവനന്തപുരത്തെത്തുന്നത്. വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആര്‍.എസ്സ്.എസ്സ് കേന്ദ്രനേതൃത്വം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം.

രാവിലെ 11.15ന് പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്ത് എത്തുന്ന ജയ്റ്റ്‌ലി 11.45ന് കൊല്ലപ്പെട്ട ആര്‍.എസ്സ്.എസ്സ് ബസ്തികാര്യവാഹ് രാജേഷിന്റെ വീട് സന്ദര്‍ശിക്കും. തുടര്‍ന്ന് ശ്രീകാര്യത്ത് നടക്കുന്ന അനുസ്മരണയോഗത്തില്‍ പ്രസംഗിക്കും.

ശേഷം എട്ടുമാസം മുമ്പ് നടന്ന ബി.ജെ.പി- സി.പി.എം. സംഘര്‍ഷത്തിനിടെ ഗുരുതര പരുക്കേറ്റ ആര്‍.എസ്.എസ്. നേതാവ് ജയപ്രകാശിനെ കാണും. ഉച്ചക്ക് 1.30 ന് സി.പി.എം. ആക്രമണത്തിന് ഇരയായ കുടുംബങ്ങളുടെ സംഗമത്തിലും ജെയ്റ്റ്‌ലി പങ്കെടുക്കും.