ഭര്‍ത്താവിനെ രക്ഷിക്കുന്നതിനിടയില്‍ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു
തൊടുപുഴ: തൊടുപുഴക്ക് സമീപം ചീനിക്കുഴിയിലാണ് കനത്ത മഴയെത്തുടര്‍ന്ന് വീടിനു സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കല്ലറക്കല്‍ ബാബു (60), ഭാര്യ ലൂസി (56) എന്നിവരാണ് മരിച്ചത്.
ഷോക്കേറ്റ് കിടന്ന ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ലൂസിക്കും വൈദ്യുതാഘാതമേറ്റത്. സമീപവാസികള്‍ ഇരുവരെയും കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഞായറാഴ്ച രാവിലെ ആറേകാലോടെയാണ് സംഭവം. വീടിനു മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്ക് നിറഞ്ഞതിനെ തുടര്‍ന്ന് വെള്ളം എത്തിക്കുന്ന ഹോസ് നീക്കം ചെയ്യാന്‍ പുരയിടത്തിലേക്കിറങ്ങവെ ബാബുവിന്റെ കാല്‍ പൊട്ടിവീണ് കിടന്ന വൈദ്യുതി ലൈനില്‍ ഉടക്കി ഷോക്കേല്‍ക്കുകയായിരുന്നു.
ബാബുവിന്റെ നിലവിളി കേട്ട് അടുക്കളയില്‍നിന്ന് ലൂസി ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്കും വൈദ്യുഘാതമേറ്റു. ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ബാബുവിന്റെ പിതാവ് ജോസഫ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപത്തെ പുരയിടത്തില്‍ ഇരുവരെയും ഷോക്കേറ്റ നിലയില്‍ കാണുന്നത്.
കോതമംഗലം രൂപതയിലെ വൈദികനും ചങ്ങനാശ്ശേരി എസ്.ബി കോളജിലെ എം.എ വിദ്യാര്‍ഥിയുമായ ടോജിന്‍, ബംഗളൂരുവില്‍ നഴ്‌സായി ജോലി ചെയ്യുന്ന ടോണല്‍ എന്നിവരാണ് മക്കള്‍. മരുമകള്‍: അനു (നഴ്‌സ് ബംഗളൂരു).