മുന്‍ ഡിജിപിയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു; കേരള പോലീസ് ചരിത്രത്തില്‍ ആദ്യത്തെ സംഭവം

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിനിടെ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ട് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കേരളത്തിലെ പോലീസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഡി.ജി.പിയെ അറസ്റ്റ് ചെയ്യുന്നത്.

തിരുവനന്തപുരം സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സെന്‍കുമാറിനെ അറസ്റ്റ് ചെയ്തത്. രണ്ട് ജാമ്യാക്കാരെ ഹാജരാക്കിയ ശേഷം അമ്പതിനായിരം രൂപയുടെ ജാമ്യത്തിലാണ് സെന്‍കുമാറിനെ വിട്ടയച്ചത്. വിവാദമായ അഭിമുഖം സംബന്ധിച്ച രേഖകള്‍ വാരിക കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അന്വേഷണ സംഘം ഈ രേഖകള്‍ കോടതിയില്‍ നിന്ന് സ്വീകരിക്കും. ജൂലൈ 29 നാണ് സെന്‍കുമാര്‍ സൈബര്‍ സെല്ലിനു മുന്നില്‍ ഹാജരായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാലാണ് അദ്ദേഹത്തെ വിട്ടയച്ചത്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ടി.പി. സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തു നിന്നും നീക്കിയിരുന്നെങ്കിലും സുപ്രീംകോടതി വരെ നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ അതേ സ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.