വിമാനത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവ ഡോക്ടര്‍ വിജയകുമാര്‍ അറസ്റ്റില്‍

പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: സിയാറ്റില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന യുവഡോക്ടര്‍ വിജയകുമാര്‍ കൃഷ്ണപ്പ (28) തൊട്ടടുത്ത സീറ്റിലിരുന്ന 16 വയസ്സായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. വിജയകുമാറിന്റെ തൊട്ടടുത്ത സീറ്റില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ കൈവച്ച ഉടനെ കുട്ടി പെട്ടെന്നെഴുന്നേറ്റു കൈ തട്ടിമാറ്റി. വീണ്ടും ഉറക്കത്തിലേക്കു വീണ പെണ്‍കുട്ടിയെ ഇതേവിധത്തില്‍ വീണ്ടും ഉപദവിക്കുവാന്‍ ശ്രമിച്ചതോടെ എയര്‍ ഹോസ്റ്റസിനെ വിവരം അറിയിച്ചു.

ഉടനെ ഡോക്ടറെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി പ്രശ്‌നം അവസാനിപ്പിച്ചു. എന്നാല്‍ വിമാനതാവളത്തില്‍ ഇറങ്ങിയ ഉടന്‍ കുട്ടി മാതാപിതാക്കളോട് തനിക്കുണ്ടായ അനുഭവം വിവരിച്ചു. ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ജൂലൈ 24 നായിരുന്നു സംഭവം. വിമാന ജോലിക്കാര്‍ സംഭവം കൈകാര്യം ചെയ്തത് ശരിയായില്ല എന്നാണ് മാതാപിതാക്കളുടെ പരാതി.

പെണ്‍മക്കളെ വിമാനത്തില്‍ യാത്രയാക്കുമ്പോള്‍ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം വിമാന ജോലിക്കാരുടേതാണ്. ഓഗസ്റ്റ് 1 ന് കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ 50,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടു.

വിദേശ ഡോക്ടറുടെ ആറുമാസ മെഡിക്കല്‍ ഫെല്ലോഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനാണ് കൃഷ്ണപ്പ അമേരിക്കയില്‍ എത്തിയത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും വിമാന കമ്പനി അറിയിച്ചു.