പ്രിന്റ് ചെയ്തത് ട്രംപിന്റെ മുഖം; പക്ഷേ ടോയ്‌ലെറ്റ് പേപ്പറില്‍ ആണെന്നു മാത്രം, കച്ചവടം ആമസോണില്‍;, സ്‌റ്റോക്ക് ഒരു ദിവസം കൊണ്ട് തീര്‍ന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ക്ലാസിക്’ ട്വീറ്റുകളുള്ള ടോയ്‌ലെറ്റ് പേപ്പറുകള്‍ ആമസോണില്‍ വില്‍പ്പനയ്ക്ക്. ട്വിറ്ററില്‍ ഏറെ ചര്‍ച്ചയായ ട്രംപിന്റെ 10 ട്വീറ്റുകള്‍ പ്രിന്റ് ചെയ്ത ടോയ്‌ലെറ്റ് പേപ്പറുകളാണ് അമസോണില്‍ തകൃതിയായി വിറ്റഴിയുന്നത്.

ട്രംപിന്റെ മുഖവും ഇതില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. ടോയ്‌ലറ്റ് ട്വീറ്റ് എന്ന റീട്ടെയില്‍ സ്ഥാപനമാണ് ഇത് ആമസോണില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. ട്രംപിന്റെ ട്വീറ്റുകളുള്ള ടോയ്‌ലെറ്റ് പേപ്പര്‍ വെള്ളിയാഴ്ചയോടെയാണ് ആമസോണില്‍ വില്‍പ്പനയ്‌ക്കെത്തിയതെങ്കിലും രണ്ട് ദിവസം കൊണ്ട് സ്‌റ്റോക്ക് തീര്‍ന്നു.

ട്രംപിന്റെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങളിലുള്ള ടോയ്‌ലെറ്റ് പേപ്പറുകള്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗിലാണ് വില്‍പ്പന നടക്കുന്നത്. ടോയ്‌ലെറ്റ് പേപ്പര്‍ ഉടന് വീണ്ടും വില്‍പ്പനയ്‌ക്കെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. ട്രംപിനെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ നേരത്തേയും ട്രംപിന്റെ മുഖമുള്ള ടോയ്‌ലറ്റ് പേപ്പറുകള്‍ ആമസോണ്‍ ഇ- കോമേഴ്‌സ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ട്രംപ് ട്വീറ്റുകളുള്ള സിങ്കിള്‍ റോള്‍ ടോയ്‌ലെറ്റ് പേപ്പറിന് 9.99 ഡോളര്‍ മുതല്‍ 12.95 ഡോളര്‍ വരെയാണ് വില. ഏറെ വിവാദമായ ട്രംപിന്റെ ട്വീറ്റുകള്‍ പ്രിന്റ് ചെയ്ത് പേപ്പറിന് വലിയ ഡിമാന്റ് ആണ് ലഭിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ തന്നെ സ്‌റ്റോക്ക് തീര്‍ന്നതിനാല്‍ ടോയ്‌ലെറ്റ് പേപ്പര്‍ ഉടന്‍ സ്റ്റോക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ആമസോണും റീട്ടെയിലേഴ്‌സും.

ട്രംപിനു പുറമേ ബരാക് ഒബാമയുടെയും ലോക നേതാക്കളുടേയും മുഖചിത്രങ്ങള്‍ പതിപ്പിച്ച ടോയ്‌ലെറ്റ് പേപ്പറുകളും ആമസോണില്‍ ലഭ്യമാണ്.