‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ് ‘ മുഖ്യമന്ത്രി ‘ചീഫ് മര്‍ഡറര്‍’ വിമര്‍ശനങ്ങള്‍ ഇങ്ങനെ…

കേരള മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബി.ജെ.പിയുടെ ദേശീയ നേതാവ്. മുഖ്യമന്ത്രിയെ ‘ചീഫ് മര്‍ഡറര്‍’ എന്നു വിമര്‍ശിച്ച നേതാവ് സി.പി.എമ്മിനെ ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ്’ എന്നാണ് വിശേപ്പിച്ചത്.

കൊലപാതകികളുടെ നേതാവ് എന്നും കൊലപാതകികളുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നുമുള്ള വിമര്‍ശനങ്ങള്‍ സംഘ്പരിവാര്‍ സംഘടനകള്‍ കേരളത്തിലെ സി.പി.എമ്മിനെതിരെയുള്ള പ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായാണ് കാണുന്നത്.

ബി.ജെ.പി നേതാവ് ജി.വി.എല്‍. നരസിംഹ റാവുവാണ് മുഖ്യമന്ത്രി പിണറായി വിജയനെ കൊലപാതകങ്ങളുടെ ആസൂത്രകനെന്ന് വിശേഷിപ്പിച്ചത്. കൊലപാതകികളായ സി.പി.എം. നേതാക്കളെ പിണറായി സംരക്ഷിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ 13 മാസമായി നിരവധി ബി.ജെ.പി. നേതാക്കള്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെടുകയാണെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് പിണറായിയുടെ യഥാര്‍ത്ഥ മുഖമറിയാമെന്നും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ മുഖ്യ ആസൂത്രകനാണ് പിണറായി വിജയനെന്നും റാവു ആരോപിച്ചു.

ആര്‍.എസ്.എസ്. നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദേശീയ തലത്തിലെത്തിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. ഇതോടനുബന്ധിച്ച് സംഘപരിവാര്‍ സംഘടനകളുടെ ദേശീയ നേതാക്കള്‍ നടത്തിയ പ്രസ്താവനകളും സി.പി.എമ്മിനെതിരെയുള്ള കടന്നാക്രമണങ്ങളായിരുന്നു.