മിനസോട്ട ഇസ്ലാമിക് സെന്റര്‍ ബോംബിംഗ് അപലപനീയമെന്ന്
പി.പി. ചെറിയാന്
ബ്ലൂമിംഗ്ടണ്‍ (മിനസോട്ട): ഓഗസ്റ്റ് അഞ്ചിന് മിനസോട്ട ബ്ലൂമിംഗ്ടണിലെ ദാര്‍ അല്‍ ഫാറൂഖ് ഇസ്ലാമിക് സെന്ററിലൂണ്ടായ ബോംബ് സ്ഫോടനം മുസ്ലീമുകള്‍ക്കുനേരേ രാജ്യത്ത് വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണെന്നും, ഇത് അപലപനീയമാണെന്നും മോസ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഒമര്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ 5 മണിക്കാണ് സമീപപ്രദേശങ്ങളെ നടുക്കിയ സ്ഫോടനം നടന്നത്. കറുത്ത പുകയും ആളിപ്പടരുന്ന അഗ്നിയും പരിസരമാകെ ഭയാനകമാക്കിയതായി ലോ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പറഞ്ഞു. മോസ്കില്‍ പൊട്ടിത്തെറിക്ക് ഉപയോഗിച്ചത് ഐ.ഇ.ഡി (Improvised Explosing Device) ആണെന്നാണ് നിഗമനം.
മോസ്കില്‍ നടന്ന സ്ഫോടനം മനുഷ്യത്വരഹിതമാണെന്നും രാവിലെ പ്രാര്‍ത്ഥനയ്ക്കെത്തിയവര്‍ അപകടം കൂടാതെ രക്ഷപെട്ടെന്നും ഒമര്‍ പറഞ്ഞു.
ഇതൊരു ഹെയ്റ്റ് ക്രൈമായി കാണാന്‍ കഴിയുകയില്ലെന്നാണ് പ്രാഥമിക അന്വേഷണങ്ങള്‍ക്കൊടുവില്‍ അധികൃതര്‍ പറയുന്നത്. അന്വേഷണം പൂര്‍ത്തിയായാലേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു.
അമേരിക്കന്‍ ജനസംഖ്യയില്‍ നിലവില്‍ 1 ശതമാനം (3.35 മില്യന്‍) മുസ്ലീങ്ങളാണുള്ളത്. ഇവര്‍ അതിവേഗത്തില്‍ വളരുന്ന മതന്യൂനപക്ഷമാണെന്നാണ് പാം റിസര്‍ച്ച് സെന്ററിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.