ദേശീയ ദിനപ്പത്രങ്ങളില്‍ കേരളത്തെ ഒന്നാമതാക്കി സര്‍ക്കാരിന്റെ മുഴുപ്പേജ് പരസ്യം

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ മികവുകള്‍ ഉയര്‍ത്തിക്കാട്ടുന്ന പത്രപ്പരസ്യവുമായി കേരളം. പ്രധാന ദിനപത്രങ്ങളുടെ ഡല്‍ഹി എഡിഷനിലാണ് കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളേയും സാമൂഹിക അന്തരീക്ഷത്തേയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മുഴുവന്‍ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ദേശീയതലത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ചയായിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ പരസ്യം ശ്രദ്ധ നേടുന്നത്.

കേരളത്തെ ഒന്നാമതാക്കുന്നത് എന്തൊക്കെയെന്നതാണ് പര്യത്തിന്റെ ഉള്ളടക്കം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷണം, വീടില്ലാത്തവര്‍ക്ക് വീട് തുടങ്ങിയ കേരളത്തിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്രമസമാധാന പാലനത്തിലെ മികവ്, മതസൗഹാര്‍ദ്ദം തുടങ്ങിയ കാര്യങ്ങളും എടുത്തു പറയുന്നുണ്ട്.

എഡിബി റിപ്പോര്‍ട്ടു പ്രകാരം തലസ്ഥാനമായ ന്യൂഡല്‍ഹിയെ പോലും പിന്നിലാക്കി കൊച്ചി വേഗത്തില്‍ വളരുന്ന നഗരമെന്ന പദവി നേടിയ കാര്യവും പ്രതിപാദിച്ചിട്ടുണ്ട്. ഒപ്പം ആത്മീയ നേതാവ് ശ്രീം എം, ജസ്റ്റിസ് കെ.ടി തോമസ്, നടന്‍ കമല്‍ ഹാസന്‍ എന്നിവര്‍ കേരളത്തേക്കുറിച്ച് പറഞ്ഞ കാര്യങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തെ ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകം ഉയര്‍ത്തിക്കാട്ടി കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഞായറാഴ്ച നടത്തിയ തിരുവനന്തപുരം സന്ദര്‍ശനം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ പിറ്റേ ദിവസമാണ് കേരളത്തിന്റെ മുഴുപ്പേജ് പരസ്യം പ്രത്യക്ഷപ്പെട്ടത്.