നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതി; പുതിയ 200,500 നോട്ടുകള്‍ രണ്ട് വലിപ്പത്തില്‍, ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്
റിസര്‍വ് ബാങ്ക് അച്ചടിച്ച പുതിയ 500, 2000 രൂപയുടെ നോട്ടുകള്‍ വിവിധ വലുപ്പത്തിലുള്ളതാണെന്നും ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇതിലൂടെ നടന്നതെന്നുമുള്ള ആരോപണവുമായി കോണ്‍ഗ്രസ് രാജ്യസഭയില്‍. കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതെന്ന് ഞങ്ങള്‍ വെളിപ്പെടുത്താന്‍ പോകുന്നുവെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപണം ഉന്നയിച്ചത്. ആര്‍.ബി.ഐ. രണ്ട് തരത്തിലും രൂപത്തിലുമുള്ള നോട്ടുകളാണ് നിര്‍മിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം ഇതെങ്ങനെയാണ് സാധിക്കുകയെന്നും ചോദിച്ചു.
ഞങ്ങള്‍ ഒരിക്കലും ഇത്തരത്തില്‍ നോട്ട് അച്ചടിച്ചിട്ടില്ല. ഇതില്‍ ഒന്ന് പാര്‍ട്ടിക്കു വേണ്ടിയും മറ്റൊന്ന് ജനങ്ങള്‍ക്കു വേണ്ടിയുമാണ്. 500, 2000 രൂപ നോട്ടുകളിലാണ് ഇത്തരം വ്യത്യാസമുള്ളത്. ഇതിനു പിന്നില്‍ വലിയ കോഴയുണ്ട്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. കപില്‍ സിബല്‍ നോട്ടുകളുടെ വ്യത്യാസം കാണിക്കുന്നതിനായി നോട്ടുകള്‍ ഹാജരാക്കുകയും ചെയ്തു.
എന്നാല്‍, കോണ്‍ഗ്രസ് നിരുത്തരവാദിത്തപരമായ പ്രസ്താവനകളാണ് നടത്തുന്നതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്!ലി പ്രതികരിച്ചു. വിഷയം ഉന്നയിക്കാന്‍ കൃത്യമായ സമയം ആവശ്യപ്പെട്ടിട്ടില്ല. നോട്ടുകളെ സംബന്ധിച്ച് നിരുത്തരവാദപരമായ പരാമര്‍ശമാണ് പ്രതിപക്ഷം നടത്തുന്നത്.
ശൂന്യവേളയെ ദുരുപയോഗം ചെയ്യുകയാണെന്നും ജയ്റ്റ്‌ലി പ്രതികരിച്ചു. ജെ.ഡി.യു. നേതാവ് ശരദ് യാദവും കോണ്‍ഗ്രസിനെ പിന്തുണച്ചു. 500 രൂപയുടെ വിവിധ വലുപ്പത്തിലുള്ള നോട്ടുകളുടെ ചിത്രം അദ്ദേഹവും ഉയര്‍ത്തിക്കാണിച്ചു.