ആതിരപ്പള്ളി പദ്ധതി; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി സഭയില്‍

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കേരള സര്‍ക്കാര്‍. പദ്ധതിക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി എം.എം. മണി നിയമസഭയില്‍ പറഞ്ഞു. വനേതര ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കാനുള്ള നടപടിക്രമം പൂര്‍ത്തീകരിച്ചതായും വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എയ്ക്കു നല്‍കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.

വനസംരക്ഷണ നിയമപ്രകാരം വനഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് സ്വീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും കെ.എസ്.ഇ.ബി. പൂര്‍ത്തീകരിച്ചിട്ടുണ്ട്. മറ്റു പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കേന്ദ്ര വൈദ്യുതി അതോറിറ്റിയും കേന്ദ്ര ജല കമ്മീഷനും നടത്തിയ പഠനത്തില്‍ പദ്ധതി ഗുണകരമാണെന്നാണ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

നേരത്തെ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന മന്ത്രിയുടെ പ്രസ്താവന പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. സിപിഐ അടക്കമുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയിരുന്നു.
അതേസമയം, മന്ത്രി പറഞ്ഞത് സര്‍ക്കാര്‍ നിലപാടല്ലെന്ന് ചാലക്കുടി പുഴ സംരക്ഷണസമിതി വ്യക്തമാക്കി.

സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന വൈദ്യുതി മന്ത്രി എംഎം മണിയുടെ നിലപാടിനെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് അതിരപ്പിള്ളി സംരക്ഷണ സമിതി നേതാവ് എസ്.പി രവി പറഞ്ഞു.