‘ ഐസക്കിന്റെ കോഴി ‘ സഭയില്‍ ഇറങ്ങിപ്പോക്ക് ; വിലക്കയറ്റം ചര്‍ച്ചചെയ്യണമെന്ന് ആവശ്യം

രാജ്യത്ത് ജി.എസ്.ടി. നിലവില്‍ വന്നതോടെ വില കുറഞ്ഞത് ധനമന്ത്രി തോമസ് ഐസക്കിന്റെ കോഴിക്കു മാത്രമെന്ന പരിഹാസവുമായി പ്രതിപക്ഷം. ജി.എസ്.ടി. നടപ്പാക്കിയ ശേഷമുള്ള വിലക്കയറ്റം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ടായിരുന്നു ഈ വിമര്‍ശനം.

പ്രതിപക്ഷത്ത് നിന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. എല്ലാ സാധനങ്ങള്‍ക്കും വില കൂടിയെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ സഭയെ അറിയിച്ചു.

അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറഞ്ഞു. പച്ചക്കറിക്കു മാത്രമാണ് അല്‍പം വിലകൂടിയതെന്നും തിലോത്തമന്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ജി.എസ്.ടി. നടപ്പാക്കിയ വേളയില്‍ ഇറച്ചിക്കോഴികളുടെ വില കുറയ്ക്കണമെന്ന ആവശ്യവുമായി സര്‍ക്കാരും ഇല്ലെന്ന വാദവുമായി വ്യാപാരികളും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു.